
വാഷിങ്ടൺ : അമേരിക്കൻ മാധ്യമലോകത്തിലെ ഐതിഹാസിക സ്ഥാപനമായ ദി വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള ന്യൂസ്‌റൂമിൽ വൻ തോതിലുള്ള പിരിച്ചുവിടൽ നടപ്പാക്കി. ബുധനാഴ്ച കമ്പനി മുഴുവൻ ചേർന്ന് ഏകദേശം മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ടതോടെ, ഇതിനകം തന്നെ സമ്മർദ്ദം നേരിടുന്ന ന്യൂസ്‌റൂമിന് ഇത് മറ്റൊരു വലിയ തിരിച്ചടിയായി. ഇതോടൊപ്പം, പത്രത്തിന്റെ അന്താരാഷ്ട്ര വാർത്താവിനിമയം ഗണ്യമായി കുറയ്ക്കാനും തീരുമാനമായി.
പിരിച്ചുവിടൽ പ്രധാനമായും വിദേശ റിപ്പോർട്ടിംഗ് വിഭാഗങ്ങളെയാണ് ബാധിച്ചത്. ആഗോള രാഷ്ട്രീയ–സാമ്പത്തിക അനിശ്ചിതത്വങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഈ നീക്കം ലോകവാർത്തകളുടെ ആഴവും വ്യാപ്തിയും ദുർബലപ്പെടുത്തുമെന്ന് നിരവധി മാധ്യമപ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു.
പിരിച്ചുവിടപ്പെട്ടവരിൽ പ്രമുഖ വിദേശകാര്യ കോളമിസ്റ്റായ ഇഷാൻ തരൂരും ഉൾപ്പെടുന്നു. ഇന്റർനാഷണൽ സ്റ്റാഫിലെ ഭൂരിഭാഗം സഹപ്രവർത്തകരോടൊപ്പം ഇന്നാണ് തനിക്ക് ജോലി നഷ്ടമായത് എന്നും ലോകമെമ്പാടും പോസ്റ്റിനായി സേവനം ചെയ്ത അതുല്യ പത്രപ്രവർത്തകരെക്കുറിച്ച് ചിന്തിക്കുമ്പോൾ ഹൃദയം തകർന്നിരിക്കുകയാണ് എന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 2017-ൽ ആരംഭിച്ച ‘വേൾഡ് വ്യൂ’ എന്ന കോളത്തിന്റെ ലക്‌ഷ്യം വായനക്കാർക്ക് ലോകത്തെയും അമേരിക്കയുടെ സ്ഥാനത്തെയും മനസ്സിലാക്കാൻ സഹായിക്കുക എന്നതായിരുന്നെന്നും വർഷങ്ങളായി അരലക്ഷത്തോളം വിശ്വസ്ത സബ്സ്ക്രൈബർമാർ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യ എഡിറ്റർ, ന്യൂഡൽഹി, സിഡ്നി, കൈറോ ബ്യൂറോ ചീഫുകൾ, മിഡിൽ ഈസ്റ്റ് റിപ്പോർട്ടിംഗ് ടീം മുഴുവനായും, ചൈന, ഇറാൻ, ടർക്കി റിപ്പോർട്ടർമാർ — എല്ലാം തന്നെ പിരിച്ചുവിട്ടു എന്നാണ് വിദേശ വിഭാഗത്തിലെ പിരിച്ചുവിടലിന്റെ വ്യാപ്തി ചൂണ്ടിക്കാട്ടി ഇവാൻ എ. ഫെയ്‌ഗൻബോം പ്രതികരിച്ചത്. ലോകം അമേരിക്ക-കേന്ദ്രിതമല്ലാത്തതാകുമ്പോൾ, അമേരിക്ക തന്നെ കൂടുതൽ അകത്തേക്ക് ചുരുങ്ങുന്ന ഒരു കാലഘട്ടത്തിന്റെ ദുഃഖകരമായ പ്രതീകമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏഷ്യ എഡിറ്ററായിരുന്ന അന്ന ഫിഫീൽഡ് തനിക്കും ജോലി നഷ്ടമായതായി അറിയിച്ചു. അസാധാരണ മികവുള്ള പത്രപ്രവർത്തകരോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നു എന്നാണ് അവർ പ്രതികരിച്ചത്. ന്യൂഡൽഹി ബ്യൂറോ ചീഫായിരുന്ന പ്രാൻഷു വർമ്മയും പിരിച്ചുവിടപ്പെട്ടതായി സ്ഥിരീകരിച്ചു; ആ സ്ഥാനത്ത് പ്രവർത്തിച്ചത് ഒരു ബഹുമതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിരിച്ചുവിടൽ അറിയിപ്പുകൾ നൽകുന്ന ദിവസം ജീവനക്കാരോട് 'ഇന്ന് വീട്ടിൽ തന്നെ ഇരിക്കുക' എന്നാണ് അറിയിച്ചത്. എക്സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മുറേ അയച്ച മെമ്മോയിൽ നടപടികൾ ന്യൂസ്‌റൂമിലെ മിക്കവാറും എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഒന്നാണെന്ന് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വാർത്താവിനിമയം കുറയുമെങ്കിലും, യുഎസിന് പുറത്തുള്ള ചില ബ്യൂറോകൾ തന്ത്രപ്രധാന സാന്നിധ്യം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുനഃസംഘടനയിൽ മെട്രോ ഡെസ്‌ക് വെട്ടിക്കുറയ്ക്കുകയും, സ്പോർട്സ് വിഭാഗം ഭൂരിഭാഗവും അടച്ചുപൂട്ടുകയും, ബുക്സ് വിഭാഗം പൂർണമായും അവസാനിപ്പിക്കുകയും, ദൈനംദിന ‘പോസ്റ്റ് റിപ്പോർട്സ്’ പോഡ്കാസ്റ്റ് റദ്ദാക്കുകയും ചെയ്തു. കമ്പനിയുടെയും ബിസിനസ് വിഭാഗത്തിലും വലിയ കുറവുകളാണ് നടപ്പാക്കുന്നത്.
തങ്ങളുടെ പത്രപ്രവർത്തന ദൗത്യത്തിന്റെ ഭാഗമായി ഭാവി ഉറപ്പാക്കാനും സ്ഥിരത കൈവരിക്കാനുമാണ് ഈ നീക്കങ്ങൾ എന്ന് മുറേ പറഞ്ഞു. എന്നാൽ നിരവധി ജീവനക്കാർ ഈ വിശദീകരണത്തിൽ സംശയം പ്രകടിപ്പിച്ചു. ആമസോൺ ബീറ്റ് റിപ്പോർട്ടർ കരോലൈൻ ഒ’ഡോണോവൻ 'മികച്ച അനേകരോടൊപ്പം താനും പുറത്തായി; അതികഠിനമായ ദിവസമാണ്' എന്ന് കുറിച്ചു. റേസ് ആൻഡ് എഥ്നിസിറ്റി റിപ്പോർട്ടർ ഇമ്മാനുവൽ ഫെൽട്ടൺ, 'ഇത് സാമ്പത്തിക തീരുമാനമല്ല, ആശയപരമായ തീരുമാനമാണ്,' എന്നും പ്രതികരിച്ചു. പത്രത്തിന്റെ ഉടമയായ ജെഫ് ബെസോസ് ഇതുസംബന്ധിച്ച് പ്രതികരിച്ചില്ല. ലാഭത്തിലേക്ക് മടങ്ങാൻ മാനേജ്മെന്റിനോട് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടുവരുന്നുവെന്ന റിപ്പോർട്ടുകൾ മുമ്പേ ഉണ്ടായിരുന്നു. മുൻ എക്സിക്യൂട്ടീവ് എഡിറ്റർ മാർട്ടി ബാരൻ ഈ പിരിച്ചുവിടലുകളെ 'ലോകത്തിലെ ഏറ്റവും മഹത്തായ വാർത്താസ്ഥാപനങ്ങളിലൊന്നിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസങ്ങളിലൊന്ന്' എന്ന് വിശേഷിപ്പിച്ചു. തെറ്റായ മേധാവിതല തീരുമാനങ്ങളാണ് പ്രതിസന്ധി കൂടുതൽ ഗുരുതരമാക്കിയതെന്നും, ലക്ഷക്കണക്കിന് വിശ്വസ്ത സബ്സ്ക്രൈബർമാർ പത്രത്തിൽ നിന്ന് അകന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
1877-ൽ സ്ഥാപിതമായ വാഷിങ്ടൺ പോസ്റ്റ്, വാട്ടർഗേറ്റ് വെളിപ്പെടുത്തൽ മുതൽ ആഗോള റിപ്പോർട്ടിംഗ് വരെ അമേരിക്കൻ പത്രപ്രവർത്തനത്തിൽ നിർണായക പങ്ക് വഹിച്ച സ്ഥാപനമാണ്. എന്നാൽ മറ്റ് യുഎസ് പത്രങ്ങളെ പോലെ തന്നെ, സബ്സ്ക്രിപ്ഷൻ കുറവും പരസ്യവരുമാന ഇടിവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ഈ വൻ പുനഃസംഘടന നടന്നിരിക്കുന്നത്.