Image

ശബരിമല സ്വർണക്കൊള്ളയിൽ സഭയിൽ ഇന്നും ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

Published on 04 February, 2026
ശബരിമല സ്വർണക്കൊള്ളയിൽ സഭയിൽ ഇന്നും ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ ഇന്നും ബഹളം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സ്വർണക്കൊള്ള വിഷയം ഉന്നയിച്ച് സഭയിൽ ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ടത്. ചോദ്യോത്തരവേളയിൽ സ്പീക്കറുടെ ഡയസ് മറച്ചു ബാനർ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. 


ശബരിമല സ്വര്‍ണക്കൊള്ളയിലെ സമരം 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമർശത്തെ വി.ഡി.സതീശൻ രൂക്ഷമായി വിമർശിച്ചു. കോപ്രായം കാട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം വഴിതെറ്റിയെന്നും അന്വേഷണം മുന്നോട്ടുപോയാല്‍ പ്രധാന സിപിഎം നേതാക്കള്‍ ഉള്‍പ്പെടുമെന്നും സതീശൻ ആരോപിച്ചു.

കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മർദിച്ചെന്ന ആരോപണം സതീശൻ നിഷേധിച്ചു. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം സ്വര്‍ണം കട്ടതിന് സോണിയയെ പറയുന്നതെന്തിന്?' ഇത് ബിജെപിയെ പ്രീണിപ്പിക്കാനാണ്. മന്ത്രി രാജീവിന് വ്യക്തിപരമായ വിരോധമാണെന്നും സതീശൻ പറഞ്ഞു. 

അതേസമയം, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ ഗാന്ധി നിൽക്കുന്ന ഫോട്ടോയാണ് പ്രതിപക്ഷത്തെ നേരിടാൻ ഭരണപക്ഷം ഇന്നും ആയുധമാക്കിയത്.

 സ്വർണം കട്ടവർക്ക് സോണിയ ഗാന്ധിയെ കാണാൻ അവസരം ഒരുക്കിയത് ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് മന്ത്രി പി.രാജീവ് ആവശ്യപ്പെട്ടു. ആരാണ് പോറ്റിയെ സോണിയയ്ക്ക് അടുത്തെത്തിച്ചതെന്ന് കോൺഗീസ് നേതൃത്വം വ്യക്തമാക്കിയാൽ സോണിയക്ക് പത്തരമാറ്റ് തിളക്കമുണ്ടാകുമെന്ന് രാജീവ് അഭിപ്രായപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക