Image

ദുബൈ, കൊച്ചി പ്രൊജക്ടുകൾ റോയിയെ വിഷമത്തിലാക്കി? മരണത്തില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി അന്വേഷണ സംഘം

Published on 04 February, 2026
ദുബൈ, കൊച്ചി പ്രൊജക്ടുകൾ  റോയിയെ വിഷമത്തിലാക്കി?  മരണത്തില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി അന്വേഷണ സംഘം

 

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ കണ്ടെത്തലുകളുമായി അന്വേഷണസംഘം. ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡില്‍ പെട്ടെന്നുണ്ടായ സമ്മർദമല്ല മരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കഴിഞ്ഞ ആറുമാസമായി റോയ് സമ്മര്‍ദത്തിലായിരുന്നു. 

ദുബൈയില്‍ കൂടുതല്‍ വലിയ പ്രൊജക്ടുകള്‍ ആരംഭിക്കാനുള്ള നീക്കവും ഇതിനായി നിക്ഷേപം സ്വീകരിച്ചതുമാണ് റോയിയെ സമ്മര്‍ദ്ദത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കേസ് അന്വേഷിക്കുന്ന സംഘത്തിന് ലഭിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പല അഭിമുഖങ്ങളിലും റോയി പറഞ്ഞിരുന്നത്  പോലെ കടബാധ്യത കമ്പനിക്കില്ലായിരുന്നു. അടുത്തിടെ യുഎഇയില്‍ നടത്തിയ നിക്ഷേപങ്ങളാണ് റോയിയെ വിഷമത്തിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

യുഎഇ നിക്ഷേപങ്ങളുടെ കാര്യത്തില്‍ മുമ്പ്  വലിയ നിബന്ധനകളുള്ള രാജ്യമായിരുന്നില്ല. എന്നാൽ ഇപ്പോള്‍ അങ്ങനെയല്ല. രാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ മുന്‍കാല ചരിത്രവും നിക്ഷേപം വന്ന രീതിയും അവര്‍ അന്വേഷിക്കും. ഇക്കാര്യത്തില്‍ ഇന്ത്യ-യുഎഇ കരാര്‍ നിലവിലുണ്ട്.

ദുബൈയില്‍ അടക്കം നിക്ഷേപം നടത്തുന്നവരെപ്പറ്റി കേന്ദ്രസര്‍ക്കാരില്‍ നിന്ന് യുഎഇ വിവരങ്ങള്‍ തേടിയിരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും രാഷ്ട്രീയ, സിനിമ മേഖലയിലുള്ളവരില്‍ നിന്ന് റോയി  നിക്ഷേപം സ്വീകരിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിക്ഷേപങ്ങളെപ്പറ്റി അന്വേഷണം നടത്തുന്ന വാര്‍ത്തയറിഞ്ഞ ഇത്തരം നിക്ഷേപകരില്‍ ചിലര്‍ പണം തിരികെ ചോദിച്ചത് റോയിയുടെ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചെന്നാണ് നിഗമനം. 

കോണ്‍ഫിഡന്റ് ഗ്രൂപ്പ് പദ്ധതികളില്‍ നിക്ഷേപം നടത്തിയ രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖരില്‍ നിന്ന് വരുംദിവസങ്ങളില്‍ അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചേക്കും.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ പല നിക്ഷേപങ്ങളുടെയും സ്രോതസ് വെളിപ്പെടുത്താന്‍ റോയിക്ക് സാധിച്ചിരുന്നില്ലെന്ന് പ്രമുഖ മലയാള മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിക്ഷേപകരെ സംബന്ധിച്ച് റോയി എഴുതിയ കുറിപ്പുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക