
കണ്ണൂര്‍: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്നതാണ് പുസ്തകത്തിന്റെ പേര്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ, മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ഐ ടി ഉപദേഷ്ടാവ് ആയിരുന്ന ജോസഫ് സി മാത്യുവാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. വി എസ് അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി.
16 അദ്ധ്യായങ്ങളും 96 പേജുകളുമുള്ളതാണ് പുസ്തകം. പ്രകാശന പരിപാടിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുസ്തക പ്രകാശനച്ചടങ്ങ് മാറ്റിവച്ചതായി നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം ഉണ്ടായതായി സ്വാഗത പ്രസംഗത്തില്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. “ഞാന്‍ മോശക്കാരന്‍ ആണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്നും, അശ്ലീല സന്ദേശങ്ങള്‍ നവമാധ്യമങ്ങളിലൂടെ വരുന്നുണ്ടെന്നും, വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമം നടന്നുവെന്നും” വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
തനിക്കെതിരെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ പറയുന്ന ആൾക്കെതിരെ ആണെന്ന് ഓർത്താൽ നന്ന്. ശരിയായ രീതിയിൽ ആണോ വിമർശിക്കുന്നവർ എന്ന് ഓർക്കണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരോക്ഷ മറുപടിയായി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വിമർശനം ഉന്നയിച്ചാൽ വിരോധം വച്ച് പുലർത്തുന്ന രീതിയാണ് നേതൃത്വം സ്വീകരിക്കുന്നത്. കേരളത്തിലെ പാർട്ടിയെ രക്ഷിക്കണം. അതിന്‍റെ ഭാഗമായി പയ്യന്നൂരിലെ പാർട്ടിയെ രക്ഷിക്കണം കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പാര്‍ട്ടിയിലെ വലിയ സാമ്പത്തിക അഴിമതികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പാർട്ടിയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് മൂന്ന് ഭാഗങ്ങളായിട്ടാണ് പുസ്തകത്തിൽ വിവരിക്കുന്നത്. പാർട്ടി തന്നെ അവതരിപ്പിച്ച കണക്കുകൾ നിരത്തിക്കൊണ്ടാണ് കുഞ്ഞികൃഷ്ണൻ ഈ വിവരങ്ങൾ പുറത്തുവിടുന്നത്.
കഴിഞ്ഞ ദിവസമാണ് വി. കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.