
എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ആശ്വാസം പകരുന്ന നിരീക്ഷണങ്ങളുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ബെഞ്ച് വ്യക്തമാക്കിയത്. കോടതിയുടെ പൂർണ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കില്ല. ഇത് അന്വേഷണ സംഘത്തിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കി. തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇത് തടയാൻ കൃത്യസമയത്ത് കുറ്റപത്രം നൽകണമായിരുന്നു എന്നതായിരുന്നു മുൻ സിംഗിൾ ബെഞ്ച് നിരീക്ഷണം. ഇതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ദേവസ്വം ബെഞ്ച് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള എന്നത് അതീവ സങ്കീർണവും അസാധാരണവുമായ കേസാണ്. അതിനാൽ അന്വേഷണം പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാൻ വേണ്ടി മാത്രം തിടുക്കത്തിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അപൂർണമായ കുറ്റപത്രം വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി. അതിനാൽ കൃത്യമായ തെളിവുകൾ ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കുന്നതാണ് ഉചിതം.
കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചതിൽ കോടതിക്ക് യാതൊരുവിധ ആശങ്കയുമില്ല. തൊണ്ണൂറ് ദിവസങ്ങൾക്ക് ശേഷം പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസിൻ്റെ മെറിറ്റിനെയോ മുന്നോട്ടുള്ള അന്വേഷണത്തെയോ ഒരു തരത്തിലും ബാധിക്കില്ല. എസ്‌ഐടിയുടെ അന്വേഷണം ഏറ്റവും വിശ്വാസയോഗ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സിബിഐയിൽ ഡെപ്യൂട്ടേഷനിലിരുന്ന ഉദ്യോഗസ്ഥരും നിലവിലെ അന്വേഷണ സംഘത്തിലുണ്ട് എന്നത് കാര്യക്ഷമത വർധിപ്പിക്കുന്നു. കേസിലെ പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് എന്നിവർ ഉൾപ്പെടെ നൽകിയ ഹർജികൾ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. എല്ലാ കാര്യങ്ങളും കോടതിയുടെ കൃത്യമായ മേൽനോട്ടത്തിലാണ് നടക്കുന്നത്. അതിനാൽ കുറച്ചു സമയം കൂടി നൽകണമെന്നും ഹർജിക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അന്വേഷണ വിവരങ്ങൾ എസ്‌ഐടിയിൽ നിന്നും തങ്ങൾക്ക് ലഭ്യമല്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് അന്വേഷണത്തിൻ്റെ ഭാഗമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹർജിയെ എതിർക്കേണ്ടത് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതിയാണെന്നും ബെഞ്ച് വ്യക്തമാക്കി.