
തിരുവനന്തപുരം: ആധുനിക ലോകത്ത് സാങ്കേതികവിദ്യയുടെ സാന്നിധ്യം അനിവാര്യമാണെങ്കിലും, കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ലോകമെമ്പാടുമുള്ള വികസിത രാജ്യങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ കർശനമായ നിയമനിർമ്മാണങ്ങളുമായി മുന്നോട്ട് പോവുകയാണ്.
ഇന്റർനെറ്റ് സാക്ഷരതയിലും മൊബൈൽ ഉപയോഗത്തിലും രാജ്യത്ത് തന്നെ മുൻപന്തിയിലുള്ള കേരളത്തിൽ ഇത്തരമൊരു നിയമപരമായ ഇടപെടലിനെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾ അനിവാര്യമാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കളിക്കളങ്ങളിൽ ചെലവഴിക്കേണ്ട കുട്ടിക്കാലം ഇന്ന് ചെറിയ മൊബൈൽ സ്‌ക്രീനുകളിലേക്ക് ചുരുങ്ങുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. സാമൂഹികമായ ഇടപെടലുകളിൽ നിന്ന് കുട്ടികൾ പിൻവാങ്ങുന്നതും ഡിജിറ്റൽ ലോകത്തിന് പൂർണ്ണമായും അടിമപ്പെടുന്നതും നാടിന്റെ ഭാവിക്ക് തന്നെ വെല്ലുവിളിയാണെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സ്ക്രീനുകൾക്ക് മുൻപിൽ അമിതമായി സമയം ചെലവഴിക്കുന്ന തലമുറയെ അതിന്റെ ദോഷവശങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായി നിരോധിക്കുക എന്നതല്ല, മറിച്ച് അതിന്റെ വിവേകപൂർണ്ണമായ ഉപയോഗം ഉറപ്പാക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ വിഷയത്തിൽ കർശനമായ നിയന്ത്രണ നിയമങ്ങൾ വേണോ അതോ രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി വിപുലമായ ബോധവൽക്കരണ പരിപാടികളാണോ സംഘടിപ്പിക്കേണ്ടത് എന്ന കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം സർക്കാർ തേടുന്നു. കുട്ടികളുടെ സുരക്ഷിതമായ ഭാവി മുൻനിർത്തി പൊതുസമൂഹത്തിൽ നിന്ന് ക്രിയാത്മകമായ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.