
റോമിലെ സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താര ഭിത്തിയിൽ മൈക്കലാഞ്ചലോ വരച്ച വിഖ്യാതമായ ചുവർച്ചിത്രമായ "അന്ത്യവിധി"യുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1536-1541 കാലഘട്ടത്തിൽ പൂർത്തിയാക്കിയതാണ് ഈ ചിത്രം. ഏകദേശം മുപ്പതു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും, ഈ ചിത്രത്തിന്റെ പുനരുദ്ധാരണ പണികൾ ആരംഭിക്കുന്നത്.
അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ ആധിക്യം, ചിത്രത്തിന്റെ നിറങ്ങൾക്ക് മങ്ങലുകൾ ഏൽപ്പിച്ചതിനാലാണ് ഈ പണികൾ ആവശ്യമായി വന്നതെന്ന്, വത്തിക്കാൻ മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ പുനരുദ്ധാരണത്തിന്റെ മൂന്ന് മാസങ്ങളിൽ, സിസ്റ്റൈൻ കപ്പേള വിശ്വാസികൾക്കും സന്ദർശകർക്കും വേണ്ടി തുറന്നിട്ടിരിക്കുമെന്നും. ചിത്രത്തിന്റെ ഒരു മിഴിവുറ്റ ക്യാൻവാസ് സ്ഥാപിച്ചുകൊണ്ട് അതിനു പിന്നിലായിരിക്കും പണികൾ ചെയ്യപ്പെടുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. വത്തിക്കാൻ മ്യൂസിയങ്ങളിലെ ഫ്ലോറിഡ ചാപ്റ്റർ ഓഫ് ദി പേട്രൺസ് ഓഫ് ദി ആർട്‌സിന്റെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സയന്റിഫിക് റിസർച്ച് കാബിനറ്റ്, കൺസർവേറ്റർ ഓഫീസ്, വത്തിക്കാൻ മ്യൂസിയങ്ങളുടെ ഫോട്ടോഗ്രാഫിക് ലബോറട്ടറി എന്നിവയും സംരംഭത്തിൽ പങ്കാളികളാകും.
1994-ൽ അന്നത്തെ ഡയറക്ടർ ജനറൽ കാർലോ പിയത്രാഞ്ചേലിയുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയതും, ജാൻലൂയിജി കൊളലൂച്ചി നടത്തിയതുമായ പ്രധാന സംരക്ഷണ പദ്ധതിയുടെ തുടർച്ചയായി ഈ ചിത്രങ്ങൾ വർഷങ്ങളായി വത്തിക്കാൻ മ്യൂസിയങ്ങളുടെ നിരന്തരമായ അന്വേഷണത്തിനും നിരീക്ഷണത്തിനും വിധേയമാക്കിയിട്ടുണ്ട്. സന്ദർശകരുടെ ദൈനംദിന ഒഴുക്കിന്റെ വെളിച്ചത്തിൽ അവയുടെ സംരക്ഷണ നില വിലയിരുത്തുന്നതിന് ഇത് ആവശ്യമാണെന്നും, പ്രസ്താവനയിൽ ചൂണ്ടികാണിക്കുന്നു.