Image

ക്വീൻസിൽ മനോരോഗിയെ പോലീസ് വെടിവച്ചതിൽ പ്രതിഷേധം ഉയരുന്നു

Published on 03 February, 2026
ക്വീൻസിൽ മനോരോഗിയെ പോലീസ് വെടിവച്ചതിൽ പ്രതിഷേധം ഉയരുന്നു

ന്യൂയോർക്ക്: ക്വീൻസിൽ 22 വയസ്സുകാരൻ ജബേസ് ചക്രബർത്തിക്ക് ന്യൂയോർക്ക് പൊലീസിന്റെ വെടിയേറ്റതിൽ യുവാവിന്റെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങൾ 911-ൽ വിളിച്ചത് മെഡിക്കൽ സഹായത്തിനായിരുന്നുവെന്നും പൊലീസ് ഇടപെടൽ ആവശ്യപ്പെട്ടിരുന്നില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച ക്വീൻസിലെ ബ്രയർവുഡിലുള്ള വീട്ടിൽ പോലീസിന്റെ വെടിയേറ്റ ചക്രബർത്തി ഇപ്പോഴും വെന്റിലേറ്ററിലാണെന്ന് ദക്ഷിണേഷ്യൻ കുടിയേറ്റ സമൂഹത്തിന്റെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ദേശീസ് റൈസിംഗ് അപ്പ് ആൻഡ് മൂവിങ്  എന്ന സംഘടനയുടെ പ്രതിനിധി സിമ്രാൻ തിന്ദ് പറഞ്ഞു. കുറഞ്ഞതു നാല് തവണ വെടിയേറ്റ യുവാവ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു.

പാർസൺസ്  ബോളിവാർഡിനടുത്തുള്ള 85-ാം അവന്യൂവിലെ വീട്ടിൽ ഒരാൾ ഗ്ലാസ് തകർക്കുന്നുവെന്ന വിവരം ലഭിച്ചതിനെ  തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നു എൻ വൈ പി ഡി പറയുന്നു. അടുക്കളയിൽ നിന്ന് കത്തിയെടുത്ത്  കൈയിൽ പിടിച്ച് ജബെസ് പൊലീസിന്റെ നേർക്കു  ചെന്നുവെന്നു അവർ അവകാശപ്പെട്ടു.

എന്നാൽ, കുടുംബം ഈ വാദം നിഷേധിച്ചു. 911-ൽ വിളിച്ചപ്പോൾ വ്യക്തമായി ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര മെഡിക്കൽ സഹായമാണ് ആവശ്യപ്പെട്ടത് എന്ന് അവർ പറയുന്നു. അതേസമയം, 911 കോളിൽ ‘ഇൻവോളന്ററി റിമൂവൽ’ ആവശ്യപ്പെട്ടിരുന്നുവെന്നും, അത്തരം സാഹചര്യങ്ങളിൽ എമെർജൻസി മെഡിക്കൽ സർവീസിനൊപ്പം പൊലീസ് പ്രതികരണവും ഉണ്ടാകുന്നതാണെന്നും എൻവൈപിഡി വക്താവ് വിശദീകരിച്ചു.

ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും, കുടിയേറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതായും കുടുംബം ആരോപിച്ചു. കുടുംബം ഏത് രാജ്യത്തു നിന്നാണ്, അവസാനം എപ്പോൾ അവിടേക്ക് പോയി, മകൾ അമേരിക്കയിൽ ജനിച്ചയാളാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ചോദിച്ചതെന്ന് സിമ്രാൻ തിന്ദ് ആരോപിച്ചു.

ഈ ആരോപണം എൻവൈപിഡി നിഷേധിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതിന് തെളിവില്ലെന്നും, ഫോണുകൾ പിടിച്ചെടുത്തത് പിന്നീട് ജില്ലാ അറ്റോർണിയുടെ ആവശ്യപ്രകാരം മാത്രമാണെന്നും പൊലീസ് വക്താവ് വ്യക്തമാക്കി.

ഈ സംഭവം, 2024 മാർച്ചിൽ ഓസോൺ പാർക്കിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥയ്ക്ക് പ്രതികരിക്കാൻ എത്തിയ പൊലീസ് 19 വയസ്സുകാരൻ വിൻ റൊസാരിയോയെ വെടിവച്ചു കൊന്നത് കുടുംബം ഓർമിച്ചു. ബംഗ്ലാദേശി ക്രിസ്ത്യൻ റൊസാരിയോയുടെ കുടുംബവും അന്ന് 911-ൽ വിളിച്ചത് മാനസികാരോഗ്യ സഹായത്തിനായിരുന്നു. എന്നാൽ കൈയ്യിൽ കത്രിക  എടുത്തതിനെ തുടർന്നാണ് പൊലീസ് വെടി വച്ചതെന്ന് രേഖപ്പെടുത്തിയിരുന്നു.

ആ കേസിൽ സ്റ്റേറ്റ് അറ്റോർണി ജനറൽ ഓഫീസ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ തയ്യാറായില്ല. എന്നാൽ സിവിലിയൻ കംപ്ലെയിന്റ് റിവ്യൂ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റകരമായ പെരുമാറ്റത്തിന് ശിക്ഷാനടപടി ശുപാർശ ചെയ്തിട്ടുണ്ട്.

NYPD under fire over youth's death

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക