Image

നിത്യവസന്ത ഗാനങ്ങളുടെ ശില്പി; സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

Published on 03 February, 2026
നിത്യവസന്ത ഗാനങ്ങളുടെ ശില്പി; സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

മലയാളത്തിലെ നിരവധി  സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ സംഗീത സംവിധായകന്‍ എസ് പി വെങ്കടേഷ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു മരണം. 

ഇന്നും മലയാളികള്‍ പാടി നടക്കുന്ന, ശാന്തമീ രാത്രികള്‍..., തളിര്‍വെറ്റിലയുണ്ടോ പോലുള്ള പാട്ടുകളുടെയൊക്കെ സ്രഷ്ടാവാണ് ഓര്‍മയാവുന്നത്. 150ൽ അധികം മലയാള ചലച്ചിത്രങ്ങൾക്കാണ് അദ്ദേഹം ഈണം നൽകിയത്. 

പ്രമുഖ മാന്‍ഡോലനിസ്റ്റായിരുന്ന അച്ഛന്‍ പഴനിയുടെ പാരമ്പര്യം പിന്‍തുടര്‍ന്നാണ് വെങ്കടേഷ് സംഗീത ലോകത്തേക്ക് വരുന്നത്. കരിയറിന്റെ തുടക്കത്തില്‍ മന്‍ഡോലിന്‍, ഗിറ്റാര്‍, ബാഞ്ചോ എന്നീ സംഗീത ഉപകരണങ്ങളിലായിരുന്നു പ്രാഗത്ഭ്യം തെളിയിച്ചത്. ആദ്യകാലങ്ങളില്‍ സംഗീത സംവിധായകന്‍ ശ്യാമിന്റെയും രവീന്ദ്രന്റെയും അസിസ്റ്റന്റ് ആയിരുന്നു. 1975 ല്‍ അസിസ്റ്റന്റ് ഡയരക്ടറായി തുടങ്ങിയ വെങ്കടേഷ്, 1981 ല്‍ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.

മലയാളം, തമിഴ് , തെലുങ് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ സിനിമകൾക്കായി നിരവധി ഗാനങ്ങൾ സംഗീത സംവിധാനം നിർവഹിച്ചു.

കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക