
വാഷിങ്ടൺ : വാഷിങ്ടണിലെ പ്രശസ്ത സാംസ്കാരിക വേദിയായ കെന്നഡി സെന്റർ ജൂലൈ 4-നോടകം താൽക്കാലികമായി അടയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഏകദേശം 200 മില്യൺ ഡോളർ ചെലവഴിച്ച് വൻ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് അടച്ചിടലെന്ന് അദ്ദേഹം വ്യക്തമാക്കി.
കെട്ടിടം പൂർണമായും പൊളിക്കുമോയെന്ന ചോദ്യത്തിന് ' പൊളിക്കുന്നില്ല' എന്നാണ് ട്രംപ് മറുപടി നൽകിയത്. നിലവിലുള്ള ഘടന നിലനിർത്തിക്കൊണ്ട് ചില സാമഗ്രികൾ പുനരുപയോഗിക്കുമെന്നും, സ്റ്റീൽ ഘടനയും മാർബിളിന്റെ ഭാഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെനഡി സെന്റർ ഇപ്പോൾ വളരെ മോശം അവസ്ഥയിലാണെന്നും, പരിപാലനക്കുറവുമൂലം അപകട സാധ്യതകൾ പോലും ഉണ്ടെന്നും ട്രംപ് ആരോപിച്ചു.
പ്രദർശനങ്ങൾ നടക്കുന്നതിനിടെ നവീകരണം നടത്തുന്നത് ഗുണമേന്മയെ ബാധിക്കുമെന്നും, അതിനാൽ കെട്ടിടം പൂർണമായി അടച്ചിടേണ്ടതുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
നവീകരണ പദ്ധതി പൂർണമായും ഫണ്ടിംഗ് ഉറപ്പാക്കിയതാണെന്നും ട്രംപ് പറഞ്ഞു. ഉയർന്ന നിലവാരമുള്ള മാർബിളും മികച്ച സാമഗ്രികളും ഉപയോഗിച്ച് കെട്ടിടം പുതുക്കുമെന്നും, നവീകരണ സമയത്ത് തുറന്നുകാണുന്ന സ്റ്റീൽ ഘടനകൾ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
നവീകരണത്തിന് ശേഷം കെനഡി സെന്റർ രാജ്യത്ത് തന്നെ അതുല്യമായ ഒരു സാംസ്കാരിക വേദിയായി മാറുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്കയിലെ പ്രധാന പ്രകടനകലാ കേന്ദ്രങ്ങളിലൊന്നായ കെനഡി സെന്ററിൽ വലിയ സംഗീത പരിപാടികളും നാടകങ്ങളും ദേശീയതല സാംസ്കാരിക പരിപാടികളും അരങ്ങേറാറുണ്ട്. അതിനാൽ, അടച്ചിടൽ വാഷിങ്ടണിലെ ടൂറിസത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.