
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ വ്യവസായി അനിൽ അംബാനി, അന്താരാഷ്ട്ര അംഗീകാരം നേടിയ ചലച്ചിത്രകാരിയും ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനിയുടെ അമ്മയുമായ മീരാ നായർ എന്നിവരെയും പരാമർശിക്കുന്നതായി വെളിപ്പെടുത്തൽ.
മൂന്നു പേരുകളും പതിനായിരക്കണക്കിനായ ഫയലുകളിൽ വ്യത്യസ്ത ഭാഗങ്ങളിലാണ്. മോദിയെ കുറിച്ചുള്ള ഭാഗം ഇന്ത്യ ഔദ്യോഗികമായി തള്ളിക്കളഞ്ഞത് 'അതർഹിക്കുന്ന പുച്ഛത്തോടെ' ആണ്.
വമ്പന്മാർക്കു കൊച്ചു പെൺകുട്ടികളെ എത്തിച്ചു കൊടുത്തു എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെട്ടു ന്യൂ യോർക്ക് ജയിലിൽ കിടക്കുമ്പോൾ മരിച്ച എപ്‌സ്റ്റീനുമായി അംബാനി 2017നും 2019നും ഇടയിൽ പലകുറി ബന്ധപ്പെട്ടു എന്നാണ് രേഖകളിൽ കാണുന്നത്. ഈ കാലഘട്ടത്തിൽ എപ്‌സ്റ്റീൻ ശിക്ഷിക്കപ്പെട്ടിരുന്നു. 2019 ഓഗസ്റ്റിലാണ് അയാൾ ജയിലിൽ മരിച്ചത്.
മോദിയുടെ ചില നയതന്ത്ര ബന്ധങ്ങളെ കുറിച്ച് അംബാനി എപ്‌സ്റ്റീനോടു സംസാരിക്കുന്നതായി രേഖകളിൽ കാണാം. ഇന്ത്യൻ നേതൃത്വം പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ഹാരഡ് കുഷ്‌നർ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബനാൻ എന്നിവരുമായി വേഗത്തിൽ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെന്നു സന്ദേശങ്ങളിൽ അംബാനി പറയുന്നു.
കൂടാതെ, മേയിൽ വാഷിംഗ്ടണിൽ ട്രംപുമായി കൂടിക്കാഴ്ച്ച നടത്താൻ മോദിക്കു താല്പര്യം ഉണ്ടെന്നും അതിനു സഹായം വേണമെന്നും അംബാനി പറയുന്നു.
2019 മേയിൽ ഇന്ത്യയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആയിരുന്നു ഏറ്റവുമധികം സന്ദേശങ്ങൾ. മോദിയുടെ വിജയം ഉറപ്പിച്ച മേയ് 23നു ആ കൂടിക്കാഴ്ച്ച നടത്തണമെന്നു 14നും 20നും ഇടയിൽ അംബാനി ആവശ്യപ്പെട്ടു.
ഇന്ത്യയെയും മോദിയേയും കുറിച്ച് ഒരു മണിക്കൂർ ഷോ ചെയ്യുന്നുണ്ടെന്നു മേയ് 24നു ബനാൻ സന്ദേശം അയച്ചു. അമേരിക്കൻ ഹിന്ദുക്കൾ അതിൽ പങ്കെടുക്കുമെന്നും പറഞ്ഞു.
പബ്‌ളിസിസ്‌റ്റ് പെഗ്ഗി സീഗൾ ആണ് മീര നായരെ പരാമർശിക്കുന്നത്. 2009ൽ അയച്ച ഇമെയിലിൽ സീഗൾ പറയുന്നത് മൻഹാട്ടനിൽ എപ്‌സ്റ്റീന്റെ കാമുകി ഗിസ്‌ലെയ്‌ൻ മാക്‌സ്‌വെൽ നടത്തിയ പാർട്ടിയിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മീര നായർ എന്നിവർ പങ്കെടുത്തു എന്നാണ്.
നായരുടെ 'Amelia' എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു പാർട്ടി.
Anil Ambani contacted Epstein, files reveal