Image

ടി.പി കേസ് പ്രതികൾക്ക് നിരന്തരം പരോൾ; വിഷയം സഭയിൽ ചർച്ച ചെയ്യാൻ സർക്കാരിന് ധൈര്യമില്ലെന്ന് പ്രതിപക്ഷ നേതാവ്

Published on 02 February, 2026
ടി.പി കേസ് പ്രതികൾക്ക് നിരന്തരം പരോൾ; വിഷയം സഭയിൽ ചർച്ച ചെയ്യാൻ സർക്കാരിന് ധൈര്യമില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിപിഎം ബന്ധമുള്ള ക്രിമിനലുകൾക്ക് തോന്നും പടി പരോൾ അനുവദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകൾക്ക് വേണ്ടിയുള്ള ഭരണമാണിതെന്നും ടി.പി കേസ് പ്രതികൾക്ക് നിരന്തരം പരോൾ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

വിഷയം സഭയിൽ ചർച്ച ചെയ്യാൻ സർക്കാരിന് ധൈര്യമില്ലാ എന്നും നിയമസഭയ്ക്കു പുറത്ത് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. അനധികൃത പരോളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

ജയിലിൽ കിടക്കുന്ന കൊടും ക്രിമിനലുകൾക്ക് എല്ലാ നിയമങ്ങളെയും ലംഘിച്ചുകൊണ്ട് നൂറുകണക്കിനു ദിവസം പരോൾ കൊടുക്കുന്ന ഗൗരവതരമായ വിഷയമാണ് യുഡിഎഫ് ഇന്ന് നിയമസഭയിൽ ചർച്ച ചെയ്യാൻ കൊണ്ടുവന്നത്. എന്നാൽ, റൂൾസ് ഓഫ് പ്രൊസീജിയറിനെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് സർക്കാരിന്റെ ഇംഗിതങ്ങൾക്കു വഴങ്ങി സർക്കാരിനു താത്പര്യമില്ലാത്ത സിപിഎം പ്രതിരോധത്തിലാകുന്ന വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യേണ്ട എന്ന നിലപാടിന് സ്പീക്കർ കുടപിടിച്ചുകൊടുക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പയ്യന്നൂരിൽ എംഎൽഎയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്ത സംഭവവും നിയമസഭയിൽ ചർച്ച ചെയ്യാൻ അനുവദിച്ചില്ല.  പൊലീസിനു നേരെ സ്റ്റീൽ ബോംബ് എറിഞ്ഞതിന് 20 വർഷം തടവു ശിക്ഷ വിധിച്ച പ്രതികൾക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് പരോൾ കൊടുക്കുകയാണ്. ആദ്യത്തെ പ്രതിക്ക് ആറു ദിവസത്തേക്ക് പരോൾ കൊടുത്തു. പിന്നെ വീണ്ടും പരോൾ നീട്ടി. മൂന്നാമത് സർക്കാരും പരോൾ നീട്ടി. ജയിലിൽ പോയി ഒരുമാസത്തിനുള്ളിൽ തന്നെ അയാൾക്ക് മൂന്നു മാസം പരോൾ നീട്ടിക്കൊടുക്കുന്ന സാഹചര്യം ഉണ്ടായെന്ന് വി.ഡി സതീശൻ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക