Image

ഷിംജിതയ്ക്ക് ജാമ്യമില്ല; ജയിലിൽ തുടരും, റീച്ചിന് വേണ്ടി ചെയ്തത് കൊടും ക്രൂരത; ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും

Published on 27 January, 2026
ഷിംജിതയ്ക്ക് ജാമ്യമില്ല; ജയിലിൽ തുടരും,  റീച്ചിന് വേണ്ടി ചെയ്തത് കൊടും ക്രൂരത;  ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വ്ലോഗർ ഷിംജിത മുസ്തഫയ്ക്ക് തിരിച്ചടി. ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ പ്രതി ജയിലിൽ തന്നെ തുടരും. കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ശക്തമായ വാദങ്ങൾ പരിഗണിച്ചാണ് കോടതിയുടെ ഈ തീരുമാനം.

സോഷ്യൽ മീഡിയയിൽ പ്രശസ്തിയും റീച്ചും അതുവഴി സാമ്പത്തിക ലാഭവും ലക്ഷ്യമിട്ടാണ് ഷിംജിത ദീപക്കിനെതിരെയുള്ള വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തനിക്ക് അതിക്രമം നേരിട്ടെന്ന് ഔദ്യോഗികമായി പരാതിപ്പെടാൻ തയ്യാറാകാതെ, വീഡിയോ മാത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ദുരുദ്ദേശ്യപരമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഈ വീഡിയോ അല്ലാതെ മറ്റ് കാരണങ്ങളില്ലെന്ന് പോലീസ് റിപ്പോർട്ട് ഉറപ്പിച്ചു പറയുന്നു.

ഷിംജിതയ്ക്ക് ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും സമാനമായ രീതിയിൽ മറ്റ് വ്ലോഗർമാരും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ ഇത് കാരണമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കൂടുതൽ ആത്മഹത്യകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പോലീസ് നൽകി. ഈ മാസം 21-നാണ് വടകരയിലെ ബന്ധുവീട്ടിൽ നിന്ന് ഷിംജിതയെ പിടികൂടിയത്. ബസിൽ വെച്ച് തനിക്ക് ലൈംഗികാതിക്രമം നേരിട്ടു എന്ന മൊഴിയിൽ ഷിംജിത ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. എന്നാൽ ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക