Image

സംവരണത്തിൽ തട്ടിത്തെറിച്ച് എസ്എന്‍ഡിപി- എസ്എസ്എസ് ഐക്യം ; 25 ബോർഡ് അംഗങ്ങളും ഐക്യ നീക്കത്തെ എതിർത്തെന്ന് റിപ്പോർട്ട്

Published on 27 January, 2026
സംവരണത്തിൽ തട്ടിത്തെറിച്ച് എസ്എന്‍ഡിപി- എസ്എസ്എസ് ഐക്യം ; 25 ബോർഡ് അംഗങ്ങളും ഐക്യ നീക്കത്തെ എതിർത്തെന്ന് റിപ്പോർട്ട്

കോട്ടയം: എസ്എന്‍ഡിപി- എസ്എസ്എസ് ഐക്യം പാളിയത് സംവരണ വിഷയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഐക്യം യാഥാര്‍ത്ഥ്യമായാല്‍ ഗുണം എസ്എന്‍ഡിപിക്ക് ആയിരിക്കുമെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ആകെയുള്ള 28 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തുവെന്നാണ് സൂചന.

ഐക്യം ഉണ്ടാക്കുന്നത് സംവരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് തിരിച്ചടി ഉണ്ടാക്കും. ആത്യന്തികമായി ഗുണം ചെയ്യുക എസ്എന്‍ഡിപിക്കാണ്. അതിനാല്‍ ഐക്യത്തിന് കൈ കൊടുക്കേണ്ടതില്ലെന്ന് 25 പേര്‍ കര്‍ശന നിലപാട് സ്വീകരിച്ചു. യോഗം സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ശേഷിക്കുന്നവര്‍ നിലപാട് അറിയിച്ചു.

ഇതേത്തുടര്‍ന്നാണ് ഐക്യത്തില്‍ നിന്നും പിന്മാറിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാനാകില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ല. മറ്റെല്ലാ സമുദായങ്ങളോടും എന്നതുപോലെ എസ്എന്‍ഡിപിയോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് എന്‍എസ്എസ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

എസ്എന്‍ഡിപി-എസ്എസ്എസ് ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയമുണ്ടെന്ന് പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ഐക്യത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചിരുന്നു. നേരത്തെയും സംവരണ വിഷയത്തില്‍ തട്ടിയാണ് എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യ ശ്രമങ്ങള്‍ തകര്‍ന്നിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക