Image

കണ്ണൂരിൽ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു ; കുഞ്ഞികൃഷ്ണനെ പുറത്താക്കിയ സംഭവത്തില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

Published on 27 January, 2026
കണ്ണൂരിൽ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു ; കുഞ്ഞികൃഷ്ണനെ പുറത്താക്കിയ സംഭവത്തില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

കണ്ണൂര്‍: സിപിഎമ്മില്‍ നിന്നും പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പ്രസന്നന്റെ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ നിന്ന് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി കത്തിച്ചത്. അതേസമയം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ പയ്യന്നൂരില്‍ ഇന്ന് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തിലാണ് പയ്യന്നൂരില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം നടത്തുക. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് പയ്യന്നൂര്‍ ശ്രീ കുരുംബ ഓഡിറ്റോറിയത്തില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പയ്യന്നൂര്‍, ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് ലോക്കല്‍ ഏരിയാ കമ്മിറ്റികള്‍ പങ്കെടുക്കും. സംസ്ഥാന ജില്ലാ നേതാക്കള്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കും.

പാര്‍ട്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നാണ് സിപിഎം വാദം. രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉള്‍പ്പടെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ധനാപഹരണം നടന്നിട്ടില്ലെന്നുമാണ് പാര്‍ട്ടി ന്യായീകരണം. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും യോഗത്തില്‍ വിശദീകരിക്കും. അതേസമയം ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് വി കുഞ്ഞികൃഷ്ണന്‍.

വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഇന്നലെ വിമര്‍ശിച്ചിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി കുഞ്ഞികൃഷ്ണന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം വി കുഞ്ഞികൃഷ്ണന്റെ വീടിന്റെ പരിസരത്ത് നിന്നും സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പടക്കം പൊട്ടിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക