
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്നും പുറത്തിറങ്ങുന്നത് തടയാൻ പൊലീസ്. പോറ്റിക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് നീക്കം. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ കേസെടുത്തേക്കും. തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ ലഭിച്ചിട്ടുണ്ട്.
ഈ പരാതികളിൽ കേസെടുത്ത് സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാനാണ് പൊലീസിൻ്റെ നീക്കം. ഫെബ്രുവരി രണ്ടിനാണ് കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായി 90 ദിവസം പൂർത്തിയാകുക. ദ്വാരപാലക ശിൽപ്പ കേസിൽ ഏതാനും ദിവസം മുമ്പ് പോറ്റിക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസ് മൂലം ജയിലിൽ തുടരുകയായിരുന്നു.
അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ തന്നെ പ്രതി ചേര്‍ത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഭണ്ഡാരി ഹര്‍ജിയില്‍ ആരോപിക്കുന്നു. മതിയായ കാരണമില്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്‌ഐടി തന്റെ സ്ഥാപനത്തില്‍ നിന്നും കണ്ടെത്തിയ 103 ഗ്രാം സ്വര്‍ണം സ്വമേധയാ കൈമാറിയതാണ്. അന്വേഷണത്തോട് ഒരിക്കലും സഹകരിക്കാതിരുന്നിട്ടില്ല. ആറു തവണ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടുണ്ട് എന്നും ഹര്‍ജിയില്‍ പങ്കജ് ഭണ്ഡാരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജിയില്‍ എസ്‌ഐടി ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. സ്വര്‍ണക്കൊള്ളയില്‍ പോറ്റിക്കൊപ്പം പങ്കജ് ഭണ്ഡാരിക്കും നിര്‍ണായക പങ്കുണ്ടെന്നാണ് എസ്‌ഐടി നിഗമനം.