
മിനിയപോളിസിൽ കുടിയേറ്റ നിയമം നടപ്പാക്കിയിരുന്ന ബോർഡർ പെട്രോൾ മേധാവി ഗ്രിഗറി ബോവിനോയെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച്ച തിരിച്ചു വിളിച്ചു. രണ്ടു പേരെ ഇമിഗ്രെഷൻ ഏജന്റുമാർ വെടിവച്ചു കൊന്നത് വിവാദമായി ആളിക്കത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി.
പകരം അതിർത്തി മേധാവി എന്നു അറിയപ്പെടുന്ന ടോം ഹോമാനെ ട്രംപ് മിനസോട്ടയിലേക്കു അയച്ചു. ഈ നടപടികൾക്കിടയിലും പക്ഷെ കുടിയേറ്റ നിയമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയൊന്നും ഇല്ലെന്നും ചെറുക്കുന്നവർ പ്രശ്നം നേരിടുമെന്നും വൈറ്റ് ഹൗസ് താക്കീതു നൽകി.
ബോവിനോയ്ക്കൊപ്പം ചിലഏജന്റുമാരും മിനസോട്ട വിടുമെന്നാണ് റിപ്പോർട്ട്. സി എൻ എൻ പറയുന്നത് ട്രംപ് ഗവർണർ ടിം വാൾസുമായി സംസാരിച്ച ശേഷമാണു ഈ നടപടികൾ ഉണ്ടായതെന്നാണ്.
ഫോൺ സംഭാഷണത്തിൽ ഒരേ സമീപനമാണ് ഉണ്ടായതെന്നു റിപ്പോർട്ടിൽ പറയുന്നു. ബോവിനോ ശിക്ഷിക്കപ്പെട്ടു എന്ന സൂചന നൽകി, ഹോംലാൻഡ് സെക്യൂരിറ്റി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു.
അതേ സമയം, മിനിയപോളിസിൽ രണ്ടാമതൊരു മരണം കൂടി ഉണ്ടായതോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉയർന്ന രോഷം ട്രംപ് കണക്കിലെടുത്തു എന്നാണ് സൂചന. ഒരു തിരുത്തലിന്റെ സ്വഭാവമാണ് നടപടികളിൽ കാണുന്നത്. വെള്ളിയാഴ്ച്ച അലക്സ് പ്രെറ്റി എന്ന യുവാവിനെ വെടിവച്ചു കൊന്നത് യാതൊരു ന്യായവുമില്ലാതെയാണ് എന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നതോടെ പാർട്ടിയിൽ തന്നെ എതിർപ്പു ശക്തിപ്പെട്ടു.
എന്നാൽ ഐസിനെ ചെറുക്കുന്നത് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള വെല്ലുവിളിയായി കാണുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് തിങ്കളാഴ്ച്ച വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും കൂടുതൽ ശക്തമായ പിന്തുണ നൽകണം എന്നവർ ആവശ്യപ്പെട്ടു.
മിനസോട്ട ഭരിക്കുന്ന ഡെമോക്രാറ്റിക് നേതാക്കൾ കരുതിക്കൂട്ടി കുടിയേറ്റ നിയമം ചെറുക്കുകയാണ് എന്നവർ വ്യാഖ്യാനിച്ചു. ഗവർണർ വാൾസ്, മേയർ ജേക്കബ് ഫ്രേ എന്നിവരുടെ പേരുകൾ അവർ എടുത്തു പറഞ്ഞു.
വാൾസിന്റെ മുന്നിൽ മൂന്ന് ആവശ്യങ്ങൾ ട്രംപ് വച്ചെന്നു ലീവിറ്റ് പറയുന്നു. ഫെഡറൽ നടപടികളുമായി സഹകരിക്കണം എന്നതാണ് ആവശ്യം. ജയിലിൽ കഴിയുന്ന എല്ലാ കുടിയേറ്റക്കാരെയും ഐസിനു കൈമാറണം.
പ്രെറ്റിയുടെ മരണം ദുരന്തമായാണ് ട്രംപ് കാണുന്നതെന്ന് ലീവിറ്റ് എടുത്തു പറഞ്ഞു. അന്വേഷണം തുടരണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
Trump replaces Minnesota operations chief