Image

'പത്മ പുരസ്‌കാരങ്ങളില്‍ മൂന്ന് എണ്ണം കേരളത്തിന് അഭിമാനകരം, മറ്റു പുരസ്‌കാരങ്ങളെക്കുറിച്ച് താനൊന്നും പറയുന്നില്ല'; കെ മുരളീധരന്‍

Published on 26 January, 2026
'പത്മ പുരസ്‌കാരങ്ങളില്‍ മൂന്ന് എണ്ണം കേരളത്തിന് അഭിമാനകരം, മറ്റു പുരസ്‌കാരങ്ങളെക്കുറിച്ച് താനൊന്നും പറയുന്നില്ല';  കെ മുരളീധരന്‍

 
തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളില്‍ മൂന്ന് എണ്ണം കേരളത്തിന് അഭിമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മറ്റു പുരസ്‌കാരങ്ങളെക്കുറിച്ച് താനൊന്നും പറയുന്നില്ലെന്നും, വെള്ളാപ്പള്ളി നടേശനുള്ള പുരസ്‌കാരത്തെ പരോക്ഷമായി സൂചിപ്പിച്ച് മുരളീധരന്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി നല്‍കിയ പത്മവിഭൂഷണ്‍, ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സമൂഹത്തിന് ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


നടന്‍ മമ്മൂട്ടിക്ക് ലഭിച്ച പത്മഭൂഷണ്‍ ബഹുമതി കലാരംഗത്ത് അദ്ദേഹം ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ്. വിമലാ മേനോന് നല്‍കിയ പുരസ്‌കാരം മോഹിനിയാട്ട രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ്. ഈ മൂന്ന് അംഗീകാരങ്ങളും സ്വാഗതാര്‍ഹമാണ്. ഈ മൂന്നു പുരസ്‌കാരങ്ങളും നമ്മളെ സംബന്ധിച്ച് സന്തോഷമുള്ള, അഭിമാനമുള്ള കാര്യമാണ്. മറ്റു പുരസ്‌കാരങ്ങളെപ്പറ്റി താനൊന്നും പറയുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

പത്മ പുരസ്‌കാരങ്ങള്‍ ഒരു കാരണവശാലും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടില്ല. അതു ശരിയായ നടപടിയില്ല. ഇതിലൊക്കെ ചില ദുരുദ്ദേശങ്ങള്‍ ജനം കാണുന്നുണ്ട്. അതു തെറ്റാണെന്ന് പറയാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക