
കോഴിക്കോട്: രാജ്യം പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചതിന് പിന്നാലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷനെ കുറിച്ച് പരാമർശമുള്ള വിഡിയോ പുറത്ത്. പത്മഭൂഷൺ കാശ് കൊടുത്താൽ കിട്ടുന്നതാണെന്ന ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലെ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
പത്മഭൂഷൺ നൽകിയാൽ സ്വീകരിക്കുമോയെന്ന് ചോദ്യത്തിന് എനിക്ക് വേണ്ട എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പെട്ടെന്നുള്ള മറുപടി. "പത്മഭൂഷന് വല്ല വിലയുമുണ്ടോ? അത് കാശ് കൊടുത്താൽ കിട്ടുന്ന സാമാനമായി മാറിയില്ലേ. അതിനൊക്കെ അന്തസുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പൊ പത്മഭൂഷനൊക്കെ ഏത് പട്ടിയ്ക്ക് വേണം. തരാമെന്ന് പറഞ്ഞാലും ഞാൻ മേടിക്കത്തില്ല." എന്നായിരുന്നു അഭിമുഖത്തിലെ വെള്ളാപ്പള്ളിയുടെ പരാമർശം.
അതേസമയം, റിപ്പബ്ലിക് ദിനത്തിന് തലേന്ന് പത്മഭൂഷൺ പ്രഖ്യാപിച്ചതിന് പിന്നാലെ താൻ അവാർഡുകളൊന്നും ഇഷ്ടപ്പെടുന്നയാളല്ലെന്നും ലഭിച്ചതിൽ സന്തോഷമുണ്ടന്നുമാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. രാജ്യത്തിന്റെ ആദരവായി ജനങ്ങൾ തന്ന പുരസ്കാരം തന്നെ താനാക്കി മാറ്റിയ സമുദായാംഗങ്ങൾക്കും ഗുരുവിനും സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.