
കണ്ണൂർ: സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ, പാർട്ടി രഹസ്യങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ സി.പി.എം പുറത്താക്കി. പാർട്ടിയെ വഞ്ചിച്ചുവെന്നും ശത്രുക്കൾക്ക് ആയുധം നൽകിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള പുറത്താക്കൽ. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താ സമ്മേളനത്തിലാണ് ഈ കടുത്ത നടപടി പ്രഖ്യാപിച്ചത്.
വി. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് കെ.കെ. രാഗേഷ് ആരോപിച്ചു.
2022 ഏപ്രിൽ മാസം തന്നെ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്ത പഴയ കാര്യങ്ങളാണ് ഇപ്പോൾ പുതിയതെന്ന രീതിയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അഭിമുഖത്തിലൂടെ പാർട്ടിയെ പരസ്യമായി അവഹേളിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും രാഗേഷ് കുറ്റപ്പെടുത്തി. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് സംബന്ധിച്ച തർക്കങ്ങളാണ് സി.പി.എമ്മിനുള്ളിലെ വലിയൊരു വിഭാഗീയതയിലേക്കും ഒടുവിൽ കുഞ്ഞികൃഷ്ണന്റെ പുറത്താക്കലിലേക്കും നയിച്ചത്.