Image

എസ്എൻഡിപി ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടെന്ന് സുകുമാരൻ നായർ

Published on 26 January, 2026
എസ്എൻഡിപി ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടെന്ന്   സുകുമാരൻ നായർ

പെരുന്ന: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. 

ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ പറഞ്ഞയച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമുദായ സംഘടനയുടെ ചർച്ചയ്ക്ക് മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായ വ്യക്തിയെ അയക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. മകനായാലും മറ്റാരായാലും രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തികളെ സമുദായ കാര്യങ്ങളിൽ ഇടപെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം അനാവശ്യമായ പൊല്ലാപ്പുകൾക്ക് സംഘടനയെ വിട്ടുകൊടുക്കാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള നീക്കങ്ങളിൽ നിന്ന് സംഘടന വിട്ടുനിൽക്കും.

പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസിലാക്കി. തുഷാർ വെള്ളാപ്പള്ളി വരേണ്ടതില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

'അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമദൂരം. അതിൽ വിട്ടുവീഴ്ച ചെയ്യില്ല. ഐക്യത്തിൽനിന്ന് പിൻവാങ്ങാനുള്ള പ്രമേയം ഞാൻ തന്നെയാണ് അവതരിപ്പിച്ചത്. അച്ഛൻ മകനെ പറഞ്ഞയക്കുക. ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. അവരുടെ സമീപനത്തിൽ ഞങ്ങൾക്ക് സംശയം തോന്നി' - സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

ഐക്യചർച്ചകളുടെ ഭാഗമായി തുഷാർ വെള്ളാപ്പള്ളിയെ അയച്ചതാണ് സുകുമാരൻ നായരെ ചൊടിപ്പിച്ച പ്രധാന ഘടകം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക