
ടൊറന്റോ: വരും വർഷത്തിൽ അമേരിക്ക കാനഡയെ ആക്രമിച്ചേക്കുമെന്ന് പകുതിയോളം കാനഡക്കാർ ഭയപ്പെടുന്നതായി സർവേ റിപ്പോർട്ട്. ഹാലിഫാക്സ് ആസ്ഥാനമായുള്ള നറേറ്റീവ് റിസർച്ച് നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. നോവസ്കോഷയിലെ 48 ശതമാനം ആളുകളും അമേരിക്കൻ സൈന്യം കാനഡയിലേക്ക് കണ്ണ് വെക്കുമെന്ന് ഗൗരവമായി ആശങ്കപ്പെടുന്നു. ദേശീയതലത്തിൽ 46% കാനഡക്കാരും ഇതേ ഭയം പങ്കുവെക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ സമിതിയിലേക്ക് കാനഡയ്ക്കുള്ള ക്ഷണം പിൻവലിച്ചതിന് പിന്നാലെയാണ് സർവേ ഫലം പുറത്തുവന്നത്.
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ പ്രസംഗം ട്രംപിനെ ചൊടിപ്പിച്ചിരുന്നു. കാനഡ നിലനിൽക്കുന്നത് അമേരിക്കയുടെ ഔദാര്യം കൊണ്ടാണെന്ന ട്രംപിന്റെ പരാമർശത്തിന്, “കാനഡ നിലനിൽക്കുന്നത് അമേരിക്ക കൊണ്ടല്ല, മറിച്ച് കനേഡിയൻ മൂല്യങ്ങൾ ഉള്ളതുകൊണ്ടാണ്” എന്ന് കാർണി മറുപടി നൽകിയിരുന്നു. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നീക്കങ്ങളും വെനിസ്വേലയിലെ അമേരിക്കൻ ഇടപെടലുകളും കാനഡക്കാരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.