
മിനസോട്ടയിൽ മിനിയപോളിസ്, സെന്റ് പോൾ ഇരട്ട നഗരങ്ങളിൽ വെള്ളിയാഴ്ച്ച കടകൾ അടച്ചു വ്യാപാരികൾ ഐസ് നടത്തുന്ന ബലപ്രയോഗത്തിൽ പ്രതിഷേധിച്ചു. എല്ലു തുളയ്ക്കുന്ന തണുപ്പിലും ഇരു നഗരങ്ങളിലും തെരുവുകൾ നിറഞ്ഞു ജനങ്ങൾ പ്രകടനം നടത്തി.
രണ്ടാഴ്ച്ച മുൻപ് റീനി നിക്കോൾ ഗുഡ് (37) എന്ന എഴുത്തുകാരിയെ കാറിൽ ഇരിക്കെ ഐസ് ഏജന്റ് വെടിവച്ചു കൊന്നതോടെയാണ് മിനസോട്ടയിൽ ഇമിഗ്രെഷൻ നയം നടപ്പാക്കുന്നതിന്റെ പേരിൽ ആറാഴ്ചയായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജനരോഷം ആളിക്കത്തിയത്. മറ്റൊരാളെ പിന്നീട് വെടിവച്ച ഐസ് ഏജന്റുമാർ ബുധനാഴ്ച്ച അഞ്ചു വയസുള്ള പ്രീ-സ്കൂൾ കുട്ടിയെ അറസ്റ്റ് ചെയ്തു കടുത്ത പ്രതിഷേധം വിളിച്ചു വരുത്തി.
ഇതു വരെ കണ്ട പ്രതിഷേധ പ്രകടനങ്ങളിൽ ഏറ്റവും ശക്തമായിരുന്നു വെള്ളിയാഴ്ച്ച ഇരട്ട നഗരങ്ങൾ കണ്ടത്. അതികഠിനമായ തണുപ്പ് പ്രകടനങ്ങളുടെ ചൂട് തെല്ലും കുറച്ചില്ല. തെരുവുകൾ തിങ്ങി നിറഞ്ഞു സമാധാനപരമായാണ് ജനങ്ങൾ മാർച്ച് ചെയ്തത്.
ഐസ് സ്ഥലം വിടണം എന്ന ആവശ്യമുയർത്തിയ വ്യാപാര സ്തംഭനം ഒരു ദിവസത്തെ വരുമാനം ത്യജിച്ചായിരുന്നു. മിനിയപോളിസ് പ്രാന്തപ്രദേശത്തു തുറന്നിരുന്ന കടകളിലും കച്ചവടം ഉണ്ടായിരുന്നില്ല. പ്രതിഷേധത്തിനു പിന്തുണ നൽകുന്ന ബോർഡുകൾ അവർ സ്ഥാപിച്ചു. "പൊതു പണിമുടക്ക്, ജോലിയില്ല, സ്കൂളില്ല, ഷോപ്പിംഗില്ല. ഐസ് ഒഴിഞ്ഞു പോകുക!"
മിനിയപോളിസ്-സെന്റ് പോൾ ഇന്റർനാഷണൽ എയർപോർട്ടിൽ പ്രകടനം നടത്തിയ നൂറോളം പുരോഹിതന്മാരെ അറസ്റ്റ് ചെയ്തു. പല മതങ്ങളിൽ പെട്ട ഇവർ ടെർമിനൽ 1 ഡിപ്പാർച്ചറിൽ റോഡുകൾ തടഞ്ഞു എന്ന കുറ്റമാണ് ചുമത്തിയത്.
വിമാനത്താവളത്തിൽ അവർ പ്രാർത്ഥിക്കയും പാട്ടു പാടുകയും ഐസ് നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് കഥകൾ പറയുകയും ചെയ്തു.
Traders strike as protests fill Minnesota streets