
ഇറക്കുമതികൾക്കു താൻ ചുമത്തിയ തീരുവകൾ യുഎസ് വ്യാപാര കമ്മി നികത്താൻ സഹായിച്ചെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. താരിഫുകൾ യുഎസിൽ വിലക്കയറ്റം ഉണ്ടാക്കുന്നു എന്ന ആക്ഷേപത്തിനിടയിൽ, അതിൽ നിന്നുള്ള വരുമാനം കൊണ്ടു $2,000 ഡിവിഡന്റ് നൽകുമെന്നു അദ്ദേഹം വ്യക്തമാക്കി.
സ്വിറ്റസർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറം യോഗത്തിനു പറക്കും മുൻപ് അധികാരമേറ്റതിന്റെ ഒന്നാം വാർഷികത്തിൽ വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കണ്ട ട്രംപ്, വ്യാപാര കമ്മി 62% നികന്നുവെന്നു അവകാശപ്പെട്ടു. ഒരൊറ്റ വർഷം കൊണ്ട് 77% കമ്മി കുറഞ്ഞെന്നു പിന്നീട് അദ്ദേഹം പറഞ്ഞു.
"ഇവിടെ കാര്യമായ വിലക്കയറ്റമൊന്നും ഉണ്ടായിട്ടില്ല," ട്രംപ് അവകാശപ്പെട്ടു. "താരിഫ് വരുമാനം ഉണ്ടായതിനാൽ യുഎസ് കമ്പനികൾ പുതിയ ഫാക്ടറികൾ നിർമിക്കാൻ മുന്നിട്ടിറങ്ങി. ആഭ്യന്തര ഉത്പാദനം കൂട്ടി ഇറക്കുമതി തീരുവ ഒഴിവാക്കാനാണ് അവർ ശ്രമിക്കുന്നത്.
രാജ്യമൊട്ടാകെ പുതിയ ഫാക്ടറികൾ ഉയരുന്നുവെന്നു അവകാശപ്പെട്ട ട്രംപ്, പുതുതായി $18 ട്രില്യൺ നിക്ഷേപങ്ങളും വരുന്നുണ്ടെന്നു പറഞ്ഞു.
ഡിവിഡന്റ് നൽകാൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമില്ലെന്നു പ്രസിഡന്റ് പറഞ്ഞു. എന്നാൽ സുപ്രീം കോടതി താരിഫ് വിഷയത്തിൽ തനിക്കെതിരെ വിധി പറഞ്ഞാൽ കാര്യങ്ങൾ സങ്കീർണമാകും."
പാരീസിലേക്കു പോകില്ല
ഗ്രീൻലൻഡ് വിവാദം ആളിക്കത്തി നിൽക്കെ, പാരിസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ നിർദേശിച്ച അടിയന്തര ജി7 ഉച്ചകോടിയിൽ താൻ പങ്കെടുക്കില്ലെന്നു ട്രംപ് വ്യക്തമാക്കി. ഗ്രീൻലൻഡ് യുഎസിനു വേണമെന്ന നിലപാടിൽ ട്രംപ് ഉറച്ചു നിൽക്കെ ഇക്കാര്യത്തിൽ നയതന്ത്ര പരിഹാരത്തിനാണ് മാക്രോ ഉച്ചകോടി നിർദേശിച്ചത്.
തനിക്കു ദാവോസിൽ ഒട്ടേറെ കൂടിക്കാഴ്ചകൾ ഉണ്ടെന്നു പറഞ്ഞു. ഗ്രീൻലൻഡ് ചർച്ചയും അതിൽ ഉൾപെടും. അതിൽ നേരിട്ട് ഉൾപ്പെടുന്ന ആളുകളുമായി സംസാരിക്കുന്നുണ്ട്.
മാക്രോ തനിക്കു സുഹൃത്താണെന്നു ട്രംപ് പറഞ്ഞു. "അദ്ദേഹം നല്ലവനാണ്, പക്ഷെ അദ്ദേഹം ഇനി ഏറെക്കാലം ആ കസേരയിൽ ഉണ്ടാവില്ല." 2027ൽ മാക്രോ വിരമിക്കും എന്നതാണ് ട്രംപ് പരാമർശിച്ചത്.
നേറ്റോ സഖ്യത്തിനു യുഎസിന്റെ പ്രതിഷേധം ഉറപ്പാക്കാൻ കഴിയുമോ എന്ന ചോദ്യം ട്രംപ് ഉന്നയിച്ചു. "നമ്മൾ അവർക്കു ഒട്ടേറെ പണം കൊടുക്കുന്നുണ്ട്, പക്ഷെ നമ്മൾ അവരെ രക്ഷിക്കുക എന്നതല്ലാതെ അവർ എങ്ങിനെ നമ്മളെ രക്ഷിക്കാനാണ്?"
ഗ്രീൻലൻഡ് യുഎസ് സുരക്ഷയ്ക്ക് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയ ട്രംപിനോട് അതിനായി ഏതു പരിധി വരെ പോകുമെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "കാത്തിരുന്ന് കാണുക."
ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിയാഗോ ഗാർഷ്യ ദ്വീപ് മൗറീഷ്യസിനു വിട്ടു കൊടുക്കാനുളള ബ്രിട്ടീഷ് തീരുമാനത്തെ എതിർക്കുന്നുവെന്നു ട്രംപ് പറഞ്ഞു. "ഇത്ര പ്രധാനമായ സൈനിക താവളം എന്തിനു വിട്ടു കൊടുക്കണം?"
യുഎസും യുകെയും കൂടി നിയന്ത്രിക്കുന്ന താവളം തന്ത്രപ്രധാനമാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
Trump says tariffs wiped out 77% trade deficit