Image

കരൂർ ദുരന്തം: വിജയ്‌യെ രണ്ടാമതും ചോദ്യം ചെയ്ത് സിബിഐ; ചോദ്യം ചെയ്യല്‍ നീണ്ടത് ആറ് മണിക്കൂർ

Published on 19 January, 2026
കരൂർ ദുരന്തം:  വിജയ്‌യെ രണ്ടാമതും ചോദ്യം ചെയ്ത് സിബിഐ; ചോദ്യം ചെയ്യല്‍ നീണ്ടത് ആറ് മണിക്കൂർ

ന്യൂഡല്‍ഹി: കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ്‌യെ സി.ബി.ഐ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിധേയനാക്കി. ന്യൂഡൽഹിയിലെ ലോധി റോഡിലുള്ള സി.ബി.ഐ ആസ്ഥാനത്ത് ഇന്നു രാവിലെ പത്തു മണിയോടെ എത്തിയ വിജയ്‌യെ ആറു മണിക്കൂറോളം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

നേരത്തെ ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന് പിന്നാലെ 13-ന് വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും പൊങ്കൽ പ്രമാണിച്ച് അദ്ദേഹം മറ്റൊരു തീയതി ആവശ്യപ്പെടുകയായിരുന്നു. ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെ സി.ബി.ഐ ഓഫീസിലെത്തിയ അദ്ദേഹം വൈകുന്നേരം അഞ്ചു മണിയോടെയാണ് മടങ്ങിയത്.

ദുരന്തത്തിൽ വിജയ്‌യെ പ്രതിചേർത്തേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്താനാണ് സിബിഐയുടെ നീക്കം. പരിപാടി നടന്ന സ്ഥലത്തേക്ക് എത്താൻ വൈകിയതിലടക്കം വിജയ് നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിക്കും. കേസിൽ നിലവിൽ സാക്ഷിപട്ടികയിലാണ് വിജയ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക