
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയും ബിജെപി മുൻ എംഎല്‍എയുമായ കുൽദീപ് സിങ് സെൻഗാറിൻ്റെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി. അതിജീവിതയുടെ പിതാവിൻ്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതി വിധിച്ച 10 വർഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
"ശിക്ഷ സ്റ്റേ ചെയ്യാനാവശ്യമായ ഒരു കാരണവും നൽകിയിട്ടില്ല. അതുകൊണ്ട് ശിക്ഷ താത്ക്കാലികമായി നിർത്തിവയ്ക്കണമെന്ന അപേക്ഷ നിരസിക്കുന്നു," ജസ്റ്റിസ് രവീന്ദർ ദുഡേജ പറഞ്ഞു. പ്രതി ദീർഘകാലമായി ജയിൽവാസം അനുഭവിച്ച് വരികയാണ്. ശിക്ഷ വിധിയ്‌ക്കെതിരെ നിരവധി അപേക്ഷകൾ സമർപ്പിച്ചിരുന്നു. അതുകൊണ്ട് ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷ അംഗീകരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് പറഞ്ഞു. ഇനി ഫെബ്രുവരി 3 നായിരിക്കും ഇതുമായി ബന്ധപ്പെട്ട് കോടതി വാദം കേൾക്കുക.
2020 മാർച്ച് 13 നാണ് അതിജീവിതയുടെ പിതാവിൻ്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വിചാരണ കോടതി സെൻഗാറിനും സഹോദരൻ അതുൽ സിങ് സെൻഗാറിനും മറ്റ് അഞ്ച് പേർക്കും 10 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. സെൻഗാറിൻ്റെ നിർദേശപ്രകാരമാണ് പെണ്‍കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് 2018 ഏപ്രിൽ 9 ന് പൊലീസ് കസ്റ്റഡിയിൽ വച്ച് പെൺകുട്ടിയുടെ പിതാവ് മരണപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സെൻഗാറിന് സെക്ഷൻ 304 പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയുടെ പേരിൽ ശിക്ഷ വിധിച്ചു.