
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ശത്രുവിന്റെ ഏത് ശ്രമത്തിനും തിരിച്ചടി നൽകുമെന്ന് ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം അനുവദിക്കാനാകില്ലെന്ന് പാകിസ്ഥാനെ അറിയിച്ചുവെന്ന് വ്യക്തമാക്കിയ ഉപേന്ദ്ര ദ്വിവേദി ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ ആണവ ഭീഷണി തകർത്തുവെന്നും അറിയിച്ചു.
അതിർത്തിയിൽ അസ്ഥിരത സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. പാക് -ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിർമാണം നിർത്തിവെക്കണമെന്നും ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. വടക്കൻ അതിർത്തികളിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. ജമ്മു കശ്മീരിൽ ഭീകരസംഘടനകളുടെ നെറ്റ്‌വർക്ക് ഏതാണ്ട് തകർക്കാനായെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂർ സമയത്തെ അധിക സേനാ വിന്യാസം രണ്ട് രാജ്യങ്ങളും പിൻവലിച്ചു. ജാഗ്രത തുടരുകയാണെന്ന് കരസേന മേധാവി അറിയിച്ചു. പാകിസ്ഥാൻ അതിർത്തിക്കടുത്ത് എട്ട് ഭീകരപരിശീലന ക്യാമ്പുകൾ ഉണ്ടെന്നാണ് വിവരം. ഇവ നിരീക്ഷിച്ച് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും കരസേന മേധാവി വ്യക്തമാക്കി.