
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ചേര്‍ത്തപ്പോള്‍ മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണെന്നും എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു.
ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അച്ഛനാണ് കെ പി. ശങ്കരദാസ് എന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തെ കോടതി ഓര്‍മപ്പെടുത്തുക കൂടി ചെയ്തു. ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ചാണ് രൂക്ഷമായ ഭാഷയില്‍ എസ്‌ഐടിയേയും പൊലീസ് സേനയേയും മുള്‍മുനയില്‍ നിര്‍ത്തിയത്.
ശങ്കരദാസിന്റെ മകന്‍ ഡിഐജി ഹരിശങ്കര്‍ ആണ് എന്നതടക്കമുള്ള കാര്യങ്ങള്‍ മുഖവിലയ്ക്കെടുത്തുകൊണ്ട് പോലീസിനെയും എസ്ഐടിയെയും പ്രതിരോധത്തിലാക്കുിയാണ് ഹൈക്കോടതിയുടെ ഇന്നത്തെ പ്രതികരണം. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളോടൊന്നും കോടതിക്ക് യോജിക്കാന്‍ കഴിയില്ല എന്ന് കൂടി
ജസ്റ്റിസ് എ. ബദറുദീന്‍ വ്യക്തമാക്കി.
എ. പത്മകുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെ അവസാനഘട്ടത്തില്‍ പത്മകുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞ കാര്യമാണ് കോടതിയെ ചൊടിപ്പിച്ചത്. ‘ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്നെ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായ ആളാണ് പത്മകുമാര്‍. 50 ദിവസത്തിലേറെയായി ജയിലിലാണ്. അതുകൊണ്ട് കരുണ കാണിക്കണം എന്ന് എ. പത്മകുമാറിന്റെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു. അപ്പോഴാണ് കെ പി ശങ്കരദാസിന്റെ ആശുപത്രി വാസം കോടതി അന്വേഷണ സംഘത്തെ ഓര്‍മ്മിപ്പിച്ചത്.
ജസ്റ്റിസ് എ. ബദറുദീന് ഇക്കാര്യം പറഞ്ഞതിന് പിന്നില്‍ സുപ്രീം കോടതി വരെ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍പോയ ശങ്കരദാസിന്റെ കാലതാമസമെടുക്കുന്ന ആശുപത്രി വാസമാണ്. സുപ്രീം കോടതിയില്‍ നിന്ന് കടുത്ത വാക്കിലുള്ള പരിഹാസവും തിരിച്ചടിയുമാണ് കെ പി ശങ്കര്‍ ദാസിന് ദിവസങ്ങള്‍ക്ക് മുമ്പേ കിട്ടിയത്. ദൈവത്തെ പോലും നിങ്ങള്‍ വെറുതെ വിട്ടില്ലെന്നാണ് സുപ്രീം കോടതി കടുത്ത ഭാഷയില്‍ പറഞ്ഞത്.
ദേവസ്വം ബോര്‍ഡിന്റെ യോഗത്തിന്റെ മിനിറ്റ്‌സില്‍ ഒപ്പിട്ട ശങ്കര്‍ദാസിന് മോഷണക്കേസിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, എസ്സി ശര്‍മ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പറയുകയും ചെയ്തു. ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.