
ന്യൂജഴ്‌സിയിലെ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫെഡറൽ അധികൃതർ കുറ്റപത്രം സമർപ്പിച്ചു. ഒപ്പിയോയിഡ് മരുന്നുകളുടെ അനധികൃത വിതരണവും, ലൈംഗിക ചൂഷണവും, സംസ്ഥാന മെഡിക്കെയ്ഡ് പദ്ധതിയിൽ വൻതോതിലുള്ള തട്ടിപ്പും നടത്തിയെന്നതുൾപ്പെടെ 58 കുറ്റങ്ങളാണ് 52 വയസുള്ള ഡോക്ടർ റിതേഷ് കല്രയ്ക്കെതിരെ സമർപ്പിച്ചത്.
ഇന്റേണിസ്റ്റായ കല്ര, ന്യൂവർക്കിലെ ഫെഡറൽ കോടതിയിൽ ഈ ആഴ്ച ഹാജരായി. 2025 ജൂലൈയിൽ ക്രിമിനൽ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചതോടെയാണ് കൂടുതൽ കുറ്റങ്ങൾ കൂടി ചേർത്തത്.
ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിപ്രകാരം, 2019 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ യഥാർത്ഥ മെഡിക്കൽ ആവശ്യകതയില്ലാതെ ഉയർന്ന ഡോസിലുള്ള ഒപ്പിയോയിഡുകൾ കല്ര പതിവായി നിർദേശിച്ചു. ഈ കാലയളവിൽ ഓക്സികോഡോൺ മരുന്നിന് 31,000ലധികം പ്രിസ്‌ക്രിപ്‌ഷൻ നൽകിയതായും, ചില ദിവസങ്ങളിൽ മാത്രം 50ലധികം പ്രിസ്‌ക്രിപ്‌ഷൻ എഴുതിയതായും പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
കോടതി രേഖകൾ പ്രകാരം, തന്റെ മെഡിക്കൽ ഓഫിസിൽ നിന്നാണ് കല്ര ‘പിൽ മിൽ’ പ്രവർത്തിപ്പിച്ചതെന്നാണ് ആരോപണം. പ്രൊഫഷണൽ ചികിത്സാ മാനദണ്ഡങ്ങൾ ലംഘിച്ച് ഓക്സികോഡോണും കോഡീനും ചേർന്ന പ്രോമെതസിനും നിർദേശിച്ചുവെന്നാണ് കണ്ടെത്തൽ. മുൻ ജീവനക്കാരുടെ മൊഴിയനുസരിച്ച്, സ്ത്രീ രോഗികളെ ലൈംഗികമായി സ്പർശിച്ചതായും പരാതികൾ ഉയർന്നിരുന്നു.
ഒരു രോഗിയെ ചികിത്സാ സന്ദർശനങ്ങൾക്കിടയിൽ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയതായും കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.
നിയന്ത്രണമില്ലാതെ വിട്ടാൽ ഒപ്പിയോയിഡ് ലഹരി എത്രത്തോളം നാശം വിതയ്ക്കുമെന്ന് ഡോക്ടർമാർക്ക് നന്നായി അറിയാം എന്ന് എഫ്‌ബിഐ ന്യൂവാർക്ക് ഓഫിസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ സ്റ്റഫാനി റോഡി പറഞ്ഞു.
ഡോ. കല്ര തന്റെ അധികാരസ്ഥാനം സാമ്പത്തിക ലാഭത്തിനായി ദുരുപയോഗം ചെയ്തു.
മയക്കുമരുന്ന് വിതരണത്തിനുപുറമെ നടക്കാത്ത സന്ദർശനങ്ങൾക്കായി ബില്ലിങ് നടത്തി ന്യൂജഴ്‌സി മെഡിക്കെയ്ഡ് പദ്ധതിയെ വഞ്ചിച്ചതായും കല്രക്കെതിരെ ആരോപണമുണ്ട്.
36 ഒപ്പിയോയിഡ് വിതരണ കുറ്റങ്ങളിൽ ഓരോന്നിനും പരമാവധി 20 വർഷം വരെ തടവും 10 ലക്ഷം ഡോളർ വരെ പിഴയും ലഭിക്കാം. ആരോഗ്യപരിചരണ തട്ടിപ്പുമായി ബന്ധപ്പെട്ട 21 കുറ്റങ്ങളിൽ ഓരോന്നിനും 10 വർഷം വരെ തടവും 2.5 ലക്ഷം ഡോളർ വരെ പിഴയോ, അല്ലെങ്കിൽ കുറ്റകൃത്യം മൂലം ഉണ്ടായ ലാഭം അല്ലെങ്കിൽ നഷ്ടത്തിന്റെ ഇരട്ടി തുകയോ ശിക്ഷയായി ലഭിക്കാമെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു.