
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ഊർജിതമാക്കി. കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് (ഇസിഐആർ) തയ്യാറാക്കിയതിന് പിന്നാലെ, പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള നടപടികളിലേക്ക് ഇഡി കടക്കുകയാണ്.
പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർധൻ, സ്മാർട്ട് ക്രിയേഷൻസ് എന്നീ വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ നടന്ന സാമ്പത്തിക വിനിമയങ്ങളാണ് ഇഡി പ്രധാനമായും നിരീക്ഷിക്കുന്നത്. സ്വർണ്ണം വേർതിരിച്ചെടുത്ത് വിറ്റതിലൂടെ സമാഹരിച്ച പണം എവിടേക്കൊക്കെയാണ് ഒഴുകിയതെന്നും ഇതിന്റെ ഗുണഭോക്താക്കൾ ആരൊക്കെയാണെന്നും കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.