Image

സിഗരറ്റ് കൊണ്ട് ഖമനയിയുടെ ഫോട്ടോ കത്തിച്ച് യുവതികള്‍, ഇറാനില്‍ ജനരോഷം ആളിപ്പടരുന്നു: സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്

Published on 10 January, 2026
 സിഗരറ്റ് കൊണ്ട് ഖമനയിയുടെ ഫോട്ടോ കത്തിച്ച് യുവതികള്‍, ഇറാനില്‍ ജനരോഷം ആളിപ്പടരുന്നു: സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്

 

ടെഹ്‌റാൻ: ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി. ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ പ്രതിഷേധിക്കുന്ന ഇറാനിയൻ ജനതയുടെ പോരാട്ടവീര്യത്തിനു കരുത്തു പകരുകയാണ് ഈ ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്നുണ്ട്. ലോകമെമ്പാടും ആയിരക്കണക്കിന് തവണ ഈ ചിത്രങ്ങൾ പങ്കുവെക്കപ്പെടുകയും വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു.

ഈ രീതി പ്രതിരോധത്തിന്റെ ശക്തമായ ചിഹ്നമായി മാറിയിട്ടുണ്ടെന്നും നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴും അധികാരികൾക്ക് ഇത് തടയാൻ പ്രയാസമാണെന്നും നിരീക്ഷകർ പറയുന്നു.

ഇതേസമയം ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടികൾ സ്വീകരിക്കുന്നതിനെതിരെ ഇറാൻ സർക്കാരിന് കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് . പ്രക്ഷോഭകാരികളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ അമേരിക്ക ശക്തമായി പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

ഡിസംബർ 28 ന് പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 62 പേർ കൊല്ലപ്പെട്ടതായി അവകാശ സംഘടനകൾ വ്യക്തമാക്കുന്നു. ഇതിൽ 48 പ്രകടനക്കാരും സുരക്ഷാ സേനയിലെ 14 അംഗങ്ങളും ഉൾപ്പെടുന്നുവെന്ന് HRANA അവകാശ സംഘടന അറിയിച്ചു.രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും ആരോപിച്ചാണ് ഇറാനിലെ വിവിധ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയത്.

അതിനിടെ, പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി, പ്രക്ഷോഭകർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏജന്റുമാരാണെന്ന് ആരോപിച്ചു. അഹങ്കാരത്തോടെ ലോകത്തെ വിധിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ തകർച്ച ഉടൻ ഉണ്ടാകുമെന്നും ഖമനയി മുന്നറിയിപ്പ് നൽകി.

വർധിച്ചുവരുന്ന സാമ്പത്തിക സമ്മർദ്ദം നേരിടുന്ന സമയത്താണ് ഇറാനിലെ അവകാശ ലംഘനങ്ങളും ചർച്ചയാകുന്നത്. കുതിച്ചുയരുന്ന പണപ്പെരുപ്പം, കുത്തനെ ദുർബലമാകുന്ന കറൻസി, വർധിച്ചുവരുന്ന ഭക്ഷ്യവില എന്നിവ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ പൊതുജനരോഷം ആളിക്കത്തിക്കുകയാണ്.

ഭരണകൂടവുമായി ബന്ധപ്പെട്ട മുതിർന്ന നേതാക്കളുടെ ചിത്രങ്ങൾ കത്തിക്കുകയും പ്രതിമകൾ നശിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇറാനിയൻ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് ഗുരുതരമായ കുറ്റമാണ്.

സ്ത്രീകളെ ദീർഘകാലമായി നിയന്ത്രിക്കുന്ന സമൂഹം പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക