Image

ഫോമാ മെഡിക്കല്‍ ക്യാമ്പില്‍ ബഹുജന പങ്കാളിത്തം; രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ തുടര്‍ ചികില്‍സ ലഭിക്കും

എ.എസ് ശ്രീകുമാര്‍-ഫോമാ ന്യൂസ് ടീം Published on 03 January, 2026
ഫോമാ മെഡിക്കല്‍ ക്യാമ്പില്‍ ബഹുജന പങ്കാളിത്തം; രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ തുടര്‍ ചികില്‍സ ലഭിക്കും

കോട്ടയം: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ കേരള കണ്‍വന്‍ഷന് മുന്നോടിയായി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുക്കുകയും തുടര്‍ ചികില്‍സ ഉറപ്പാക്കുകയും ചെയ്തു. ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ചങ്ങനാശേരി കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോണ്‍സ് ഓര്‍ത്ത്‌ഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ചങ്ങനാശേരി എം.എല്‍.എ ജോബ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് സ്വാഗതമാശംസിച്ചു.  


ഈ മെഡിക്കല്‍ ക്യാമ്പോടെ ഫോമായുടെ പുതുവര്‍ഷത്തിലെ കേരളാ കണ്‍വന്‍ഷന്‍ പ്രോഗ്രാമുകള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്ത കൂപ്പണ്‍ ഉപയോഗിച്ച് പരുമല ആശുപത്രിയില്‍ സൗജന്യ കണ്‍സള്‍ട്ടേഷനും ഓപ്പറേഷനും മറ്റും നിശ്ചിത ശതമാനം കുറവ് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിറവത്ത് നടക്കുന്ന അമ്മയോടൊപ്പം ചാരിറ്റി പരിപാടിയിലേയ്ക്കും കോട്ടയം ആതിഥ്യമരുളുന്ന കേരളാ കണ്‍വഷനിലേയ്ക്കും ബേബി മണക്കുന്നേല്‍ ഏവരെയും  ക്ഷണിച്ചു.


ഫോമാ കേരളത്തില്‍ നടത്തുന്ന ചാരിറ്റി ഉള്‍പ്പെടെയുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ജന്‍മനാടിനോടുള്ള അവരുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ മെഡിക്കല്‍ ക്യാമ്പെന്നും ഇവിടെ വിവിധ പരിശോധനകള്‍ക്ക് വിധേയവരായവര്‍ക്ക് മെച്ചപ്പെട്ട തുടര്‍ ചികില്‍സയും ചെക്കപ്പുമെല്ലാം ലഭിക്കുമെന്നും ജോബ് മൈക്കിള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഇത്തരം മെഡിക്കല്‍ ക്യാമ്പുകളെന്നും ഫോമായുടെ ചിരകാല സുഹൃത്ത് എന്ന നിലയില്‍ ഈ ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി. കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, വിമന്‍സ് ഫോറം ട്രഷറര്‍ ജൂലി ബിനോയ് എന്നിവരും പുതുവല്‍രാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ദേവിക,  ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. നൈജില്‍, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. ബ്രൈറ്റ് ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാരാമെഡിക്കല്‍ സ്റ്റാഫുകളടങ്ങിയ ടീം വിവിധ പരിശോധനകള്‍ നടത്തി. ക്യാമ്പില്‍ നിന്ന് റഫര്‍ ചെയ്ത രോഗികള്‍ക്ക് പരുമല ആശുപത്രിയില്‍ പ്രത്യേക സേവനം ലഭിക്കും. സൗജന്യ കണ്‍സള്‍ട്ടേഷന്‍, സര്‍ജറിക്ക് 10 ശതമാനം ഡിസ്‌കൗണ്ട്, റേഡിയോളജിക്ക് 20 ശതമാനം ഡിസ്‌കൗണ്ട്, ഗ്യാസ്‌ട്രോ പ്രൊസിജിയേഴ്‌സിന് 20 ശതമാനം ഡിസ്‌കൗണ്ട്, ആന്‍ജിയോ പ്ലാസ്റ്റിക്ക് 10,000 രൂപ ഇളവ്, ഹാര്‍ട്ട് ഓപ്പറേഷന് 20,000 രൂപ വരെ ഇളവ്, തിമിര ശസ്ത്രക്രിയയ്ക്ക് 20 ശതമാനം വരെ ഇളവ്, കണ്ണടകള്‍ക്ക് 15 ശതമാനം വരെ ഇളവ് തുടങ്ങിയവ ലഭിക്കും.

മെഡിക്കല്‍ഡ ക്യാമ്പില്‍ വിവിധ പ്രായത്തിലുള്ളവര്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തില്‍ കുറിച്ചി  സെന്റ് മേരീസ് & സെന്റ് ജോണ്‍സ് ഓര്‍ത്ത്‌ഡോക്‌സ് പള്ളി വികാരി റവ. ഫാ. മാത്യു പി കുര്യന്‍, ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന്‍ അംഗം സുമ എബി, കുമരകം ഡിവിഷന്‍ മെമ്പര്‍ ടി.കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് കുര്യാക്കോസ്, കുറിച്ച് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരുണ്‍ ബാബു, റ്റിബി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഫോമാ മെഡിക്കല്‍ ക്യാമ്പില്‍ ബഹുജന പങ്കാളിത്തം; രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ തുടര്‍ ചികില്‍സ ലഭിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക