
തദ്ദേശ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ വോട്ട് തിരിമറി നടന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. സിപിഐഎമ്മിന് ലഭിക്കേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയിൽ സിപിഐഎമ്മിന് വലിയ പിന്തുണയുണ്ടായിരുന്നിട്ടും അവിടെ ബിജെപി ഒറ്റക്കക്ഷിയായതിന് മറുപടി പറയേണ്ടത് സിപിഐഎം ജില്ലാ നേതൃത്വവും എം സ്വരാജുമാണ്. അവരുടെ കഴിവുകേടാണ് അവിടെ സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ അഭയം നൽകിയത് തൃപ്പൂണിത്തുറയിലാണെന്നും, ആ തൃപ്പൂണിത്തുറയിലാണ് ബിജെപി ഒറ്റക്കക്ഷിയായതെന്നും അതിനാൽ സിപിഐഎം ഇതിന് മറുപടി പറയണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ബിജെപിക്ക് അനുകൂലമായി നിലകൊള്ളുന്നുവെന്നും, അത് മറച്ചുവെക്കാൻ മറ്റുള്ളവരുടെ തലയിൽ കുറ്റം ഇടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കൊച്ചി കോർപ്പറേഷനിലെ ആധികാരിക വിജയത്തിനു പിന്നാലെ കോൺഗ്രസ് മേയർ ചർച്ചകളിലേക്ക് കടന്നു. കൊച്ചി കോർപ്പറേഷൻ മേയറെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഹമ്മദ് ഷിയാസ് അറിയിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, വി.കെ മിനി മോൾ, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് മേയർ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണനയിലുള്ളത്.
ഡെപ്യൂട്ടി മേയർ സ്ഥാനത്തിനായി മുസ്ലീം ലീഗ് പിടിമുറുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സിപിഎമ്മിന് ഒപ്പം നിൽക്കില്ലെന്നും, വിവാദങ്ങളില്ലാതെ മേയറെ പ്രഖ്യാപിക്കുമെന്നും മുഹമ്മദ് ഷിയാസ് ട്വന്റിഫോറിനോട് പറഞ്ഞു.
English summary:
Vote rigging took place in Thrippunithura: CPI(M) votes went to BJP - DCC President