Image

ശബരിമല സ്വര്‍ണക്കൊള്ള: യുഡിഎഫ് എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിക്കും; ചെന്നിത്തല മൊഴി നൽകി

രഞ്ജിനി രാമചന്ദ്രൻ Published on 14 December, 2025
ശബരിമല സ്വര്‍ണക്കൊള്ള: യുഡിഎഫ് എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിക്കും; ചെന്നിത്തല മൊഴി നൽകി

ശബരിമലയിലെ സ്വർണക്കൊള്ള വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാർ നാളെ രാവിലെ 10:30ന് പാർലമെന്റ് കവാടത്തിൽ പ്രതിഷേധിക്കും. എംപി ആന്റോ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. കോടതിയുടെ മേൽനോട്ടത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം എന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. നിലവിലെ അന്വേഷണത്തിൽ പല തടസ്സങ്ങളും നേരിടുന്നുണ്ടെന്നും, ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്വർണ മോഷണവുമായി ബന്ധപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് അദ്ദേഹം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി രേഖപ്പെടുത്തിയത്. തനിക്ക് അറിയാവുന്ന വിവരങ്ങൾ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും പൗരൻ എന്ന നിലയിലും അടിച്ചമർത്തി വെക്കുന്നത് ശരിയല്ല എന്നതിനാലാണ് കാര്യങ്ങൾ തുറന്നു പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

സ്വർണക്കൊള്ളയുമായി ബന്ധമുള്ള ഒരു വ്യവസായിയെക്കുറിച്ചുള്ള വിവരങ്ങളും രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ വ്യവസായിയെയും മൊഴി രേഖപ്പെടുത്താനായി അന്വേഷണ സംഘം വിളിപ്പിക്കാൻ സാധ്യതയുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

English summary:

 Sabarimala gold theft: UDF MPs will protest at Parliament gate; Chennithala gave statement

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക