Image

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നാളെ ഹാജരായേക്കില്ല; തീരുമാനം ഹൈക്കോടതി അപ്പീലിന് ശേഷം

രഞ്ജിനി രാമചന്ദ്രൻ Published on 14 December, 2025
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നാളെ ഹാജരായേക്കില്ല; തീരുമാനം ഹൈക്കോടതി അപ്പീലിന് ശേഷം

രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നാളെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ല. തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നുള്ള മുൻകൂർ ജാമ്യ വ്യവസ്ഥയിൽ 15-ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നുവെങ്കിലും, ഹാജരാകണം എന്ന് അറിയിച്ച് ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു. നാളെത്തെ ഹൈക്കോടതിയുടെ അപ്പീൽ തീരുമാനമനുസരിച്ചാകും രാഹുലിന്റെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം അന്തിമ തീരുമാനമെടുക്കുക. നാളെ പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനപ്രകാരം രാഹുലിനെ ചോദ്യം ചെയ്യില്ല.

രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇതിൽ പ്രധാനം. ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ ബാബു കഴിഞ്ഞയാഴ്ച നിർദേശിക്കുകയും വിശദമായ വാദം നാളെ നടക്കുകയും ചെയ്യും. ബംഗലൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു.

ഈ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ബെഞ്ച് പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനെ പോലീസ് ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ നാളത്തെ തീരുമാനങ്ങളായിരിക്കും തുടർ നടപടികൾക്ക് നിർണായകമാകുക.

English summary: 

Rahul Mamkootathil may not appear tomorrow in rape case; decision after High Court appeal

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക