Image

ആര്യക്ക് കടുത്ത ആക്ഷേപം; തിരുവനന്തപുരം ഇന്ത്യയിലെ വന്‍ നഗരമാക്കാന്‍ മോദിയുമെത്തും ( എ.എസ് ശ്രീകുമാര്‍)

Published on 14 December, 2025
ആര്യക്ക് കടുത്ത ആക്ഷേപം; തിരുവനന്തപുരം ഇന്ത്യയിലെ വന്‍ നഗരമാക്കാന്‍ മോദിയുമെത്തും ( എ.എസ് ശ്രീകുമാര്‍)

സ്വാതന്ത്ര്യത്തിനു മുമ്പ്, കേരളത്തില്‍ ആദ്യമായി (1940) രൂപീകരിച്ച തിരുവനന്തപുരം കോര്‍പ്പറേഷന്റെയും രാഷ്ട്രീയ കേരളത്തിന്റെ തന്നെയും ചരിത്രത്തിലാദ്യമായി ബി.ജെ.പി മുന്നണി അവിടെ വെന്നിക്കൊടി പാറിച്ചതിന് പിന്നാലെ നിലവിലെ സി.പി.എം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനമുയരുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ബഹുമതി നേടിയ എസ് ആര്യ രാജേന്ദ്രനാണ് കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് നേരിട്ട കനത്ത തിരിച്ചടിക്കു പിന്നിലെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്.

പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ആര്യയുടെ ഭാവമാണ് ഇടതു മുന്നണി നേരിട്ട തിരിച്ചടിക്കു കാരണമെന്ന് സി.പി.എം കൗണ്‍സിലറായിരുന്ന ഗായത്രി ബാബു ഫേസ്ബുക്കിലൂടെ ശക്തമായ ഭാഷയില്‍ ആക്ഷേപിച്ചിരുന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായിരുന്ന ഗായത്രി സി.പി.എം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ മകളാണ്. ''പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന ഭാവവും, അധികാരപരമായി തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും, മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയവുമാണ് മേയര്‍ക്കുള്ളത്...'' എന്ന് ആര്യയുടെ പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശനം. കോര്‍പറേഷന്‍ ഭരണം കുറച്ചുകൂടി ചലനാത്മകമാക്കേണ്ടതായിരുന്നു എന്നാണ് മുന്‍ മേയറായ വികെ പ്രശാന്ത് എം.എല്‍.എ അഭിപ്രായപ്പെട്ടത്.

ആര്യ രാജേന്ദ്രന്‍ തന്റെ ഭരണകാലത്ത് സി.പി.എമ്മിന്റെ ജനകീയത ഇല്ലാതാക്കിയെന്ന വിമര്‍ശനമുയര്‍ന്നിരിക്കെ വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ രണ്ടു വാക്ക് കുറിച്ചു കൊണ്ട് ആര്യ മറുപടി നല്‍കിയിട്ടുണ്ട്. ''നോട്ട് ആന്‍ ഇഞ്ച് ബാക്ക്...'', അതായത് ഒരിഞ്ച് പിന്നോട്ടില്ല എന്നാണ് ആര്യയുടെ സ്റ്റാറ്റസ്. അതിനൊപ്പം ഒരു ചുമന്ന ലവ് ചിഹ്നം കൂടി നല്‍കിയിട്ടുണ്ട്. അവശത അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന രണ്ടു ചിത്രങ്ങളും ആര്യ പങ്കുവെച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫില്‍ നിന്ന് എന്‍.ഡി.എ പിടിച്ചെടുത്തതോടെ തിരുവനന്തപുരത്തെ സി.പി.എമ്മില്‍ പൊട്ടിത്തെറിയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പിയെ സഹായിച്ചത് ആര്യയാണെന്ന വിമര്‍ശനം യു.ഡി.എഫും ഉയര്‍ത്തിയിരുന്നു.

 തിരുവനന്തപുരത്ത് താമര വിരിഞ്ഞതോടെ കോര്‍പ്പറേഷനില്‍ 45  വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഇടതുപക്ഷ ഭരണത്തിനാണ് അറുതിയായത്. ഇടതുപക്ഷം ചെങ്കോട്ടയായി കാത്ത ഇവിടെ ആകെയുള്ള 101 സീറ്റില്‍ 50 എണ്ണം നേടി കനത്ത തേരോട്ടമാണ് ബി.ജെ.പി നടത്തിയിരിക്കുന്നത്. 2020-ലെ തിരഞ്ഞെടുപ്പില്‍ 54 സീറ്റുകളുണ്ടായിരുന്ന എല്‍.ഡി.എഫ് 29-ലേയ്ക്ക് കൂപ്പുകുത്തി. അതേസമയം യു.ഡി.എഫിന്റെ സീറ്റ് നില 10-ല്‍ നിന്ന് 19-ലേയ്ക്ക് ഉയരുകയും ചെയ്തു. സ്വന്തം വാര്‍ഡുകള്‍ നിലനിര്‍ത്തിയ ബി.ജെ.പി, യു.ഡി.എഫിന്റെ വാര്‍ഡുകള്‍ പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായുണ്ടായ  മാറ്റത്തേക്കാള്‍ പ്രാദേശിക രാഷ്ട്രീയം, സാമൂഹികമായുള്ള ഇടപെടല്‍ എന്നിവയുടെ തന്ത്രപരമായ സംയോജനമാണ് ബി.ജെ.പിയുടെ മികച്ച പ്രകടനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

ശക്തമായ മധ്യവര്‍ഗ പിന്തുണ, ഹിന്ദു വോട്ടുകളുടെ ഏകീകരണം, ശക്തമായ അടിത്തറ, കേന്ദ്ര നേതൃത്വ സ്വാധീനം, ഭരണവിരുദ്ധ വികാരം തുടങ്ങിയവ ബി.ജെ.പിയെ പിന്തുണച്ച ഘടങ്ങളാണ്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ നേരിയ മുന്‍തൂക്കം നേടിയ എന്‍.ഡി.എ പാലക്കാട് നഗരസഭ നിലനിര്‍ത്തുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണെന്ന് പറയുന്നതില്‍ തെറ്റില്ല. എന്‍.ഡി.എ എന്ന മുന്നണി ദുര്‍ബലമാണെങ്കിലും ബി.ജെ.പി ഒറ്റയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. കല്‍പ്പറ്റ നഗരസഭയില്‍ പോലും ചരിത്രത്തില്‍ ആദ്യമായി അക്കൗണ്ട് തുറക്കാനായി എന്നതും അവര്‍ക്ക് ഭാവിയില്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ശക്തികേന്ദ്രങ്ങളില്‍ നിന്ന് നേടിയെടുത്ത് നിര്‍ണ്ണായക ശക്തിയായി മാറുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.

ഇന്ത്യയിലെ പ്രധാന മൂന്ന് നഗരങ്ങളില്‍ ഒന്നായി തിരുവനന്തപുരത്തെ ഇനി മാറ്റുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 45 ദിവസത്തിനകം തിരുവനന്തപുരത്തെത്തുമെന്ന് മേയറായി പരിഗണിക്കപ്പെടുന്ന വി.വി രാജേഷ് പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ മിന്നുന്ന വിജയത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയുണ്ടായി. എന്‍.ഡി.എ സംഖ്യം നേടിയ വിജയം കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവാണെന്നാണ് അദ്ദേഹം പറഞ്ഞത്.

'''സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ നമ്മുടെ പാര്‍ട്ടിക്കു മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. നഗരത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കും. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും എന്‍.ഡി.എക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നു. കേരളം എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കൊണ്ട് പൊറുതിമുട്ടി. നല്ല ഭരണം കാഴ്ചവെക്കുന്നതിനും വികസിത കേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയായാണ് അവര്‍ എന്‍.ഡി.എയെ കാണുന്നത്...'' ഇങ്ങനെയാണ് മോദി എക്‌സില്‍ കുറിച്ചത്. ഏതായാലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുമെന്ന വെല്ലുവിളി സാദ്ധ്യമാക്കിയതോടെ ബി.ജെ.പിയും നിര്‍ണ്ണായക ശക്തിയായി ഉയരുന്ന കാഴ്ചയാണ് തദ്ദേശ ഇലക്ഷന്‍ പകരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക