
ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ കുത്തൗണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) അരുൺ കുമാർ റായിയെ ഔദ്യോഗിക വസതിയിൽ വെടിയേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു. മരണത്തിന് ഒരു ദിവസത്തിന് ശേഷം, കൊഞ്ചിലെ ഡയൽ 112-ൽ സേവനമനുഷ്ഠിച്ചിരുന്ന മീനാക്ഷി ശർമ്മ എന്ന വനിതാ പോലീസ് കോൺസ്റ്റബിളിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അരുൺ കുമാർ റായിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് റിപ്പോർട്ട് .
വെള്ളിയാഴ്ച രാത്രി വൈകിയാണ് റായിയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന കോൺസ്റ്റബിൾ മീനാക്ഷി ശർമ്മയിൽ നിന്നാണ് പോലീസ് സ്റ്റേഷനിലേക്ക് ആദ്യ ഫോൺ കോൾ വന്നത്. എസ്എച്ച്ഒ സ്വയം വെടിവെച്ചതാണെന്നാണ് അവർ ജീവനക്കാരോട് പറഞ്ഞതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഒരു മാളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് മീനാക്ഷി ശർമ്മയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തി. സംഭവത്തിന് തൊട്ടുപിന്നാലെ, കോൺസ്റ്റബിൾ ഒരു ബാഗുമായി ഓഫീസറുടെ ക്വാർട്ടേഴ്‌സിൻ്റെ പിന്നിലെ വാതിലിലൂടെ ഹൈവേയിലേക്ക് തിടുക്കത്തിൽ നടന്നുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. രാത്രി വൈകിയും മീനാക്ഷി ശർമ്മ എസ്എച്ച്ഒയുടെ വസതിയിൽ ഉണ്ടായിരുന്നതായി സൂചനകളുണ്ട്.
വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വനിതാ കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അവരുടെ പങ്ക് അന്വേഷിച്ചുവരികയാണ്. റായിയുടെ ഭാര്യയുടെ പരാതിക്ക് പിന്നാലെയാണ് കോൺസ്റ്റബിൾ മീനാക്ഷി ശർമ്മയ്‌ക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്. അരുൺ കുമാർ റായി ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു. സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
English summary:
Mysterious death of a police officer in Uttar Pradesh; following which a female constable is arrested for murder; the incident in UP