
വോട്ട് ചോർത്തൽ ആരോപണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച വിശാല റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്നും, സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം. "താങ്കൾ രാജ്യത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മീഷനാണ്, ബിജെപിയുടെ അല്ല," എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. അമിത് ഷായ്ക്കെതിരെയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് തയാറാകാത്തതെന്നും രാഹുൽ ചോദിച്ചു. "അമിത് ഷായുടെ കൈ വിറയ്ക്കുന്നത് കണ്ടില്ലേ. ഇവർ അധികാരത്തിൽ നിന്ന് പുറത്തായാൽ യഥാർത്ഥ അവസ്ഥ കാണാം," അദ്ദേഹം പറഞ്ഞു. മോദിയും അമിത് ഷായും വോട്ട് മോഷ്ടിച്ച് അധികാരത്തിൽ വരികയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
രാജ്യത്തെ ജനങ്ങൾ സത്യം തിരിച്ചറിയുന്നുണ്ട്. സമയം എടുത്താലും രാജ്യത്ത് സത്യം ജയിക്കും. ഗാന്ധിജി തന്നെ ഇതിന് വഴി കാട്ടി തന്നിട്ടുണ്ട്, ആ വഴിയിലൂടെ വിജയം നേടുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ബിഹാറിലെ ജയം വോട്ട് കൊള്ളയിലൂടെയാണെന്ന് പ്രിയങ്കാ ഗാന്ധിയും റാലിയിൽ ആരോപിച്ചു. വോട്ട് ചോർത്തൽ മെഗാ റാലിയിൽ പതിനായിരങ്ങളാണ് അണിനിരന്നത്. കമ്മീഷനെതിരെ രാഷ്ട്രപതിക്ക് നൽകാൻ 5 കോടി പേർ ഒപ്പിട്ട നിവേദനം സ്റ്റേജിന് മുന്നിൽ ചാക്കുകളിലായി നിരത്തിവെച്ചാണ് കോൺഗ്രസ് പ്രതിഷേധിച്ചത്.
English summary:
Vote theft: 'Election Commission works for the BJP'; Rahul Gandhi lashes out against Modi-Shah regime