
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് (LDF) തിരിച്ചടിയേറ്റതിൻ്റെ പ്രധാന ഉത്തരവാദി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന് മലപ്പുറം ചുങ്കത്തറ സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ എം. ആർ. ജയചന്ദ്രൻ സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പിലൂടെ രൂക്ഷമായി വിമർശിച്ചു. എൽഡിഎഫിനെ ജനങ്ങൾ ശിക്ഷിച്ചതിൽ വെള്ളാപ്പള്ളിയുടെ പങ്ക് വലുതാണെന്നും, അദ്ദേഹം നാടുനീളെ നടന്ന് നടത്തിയ വർഗ്ഗീയ, വിദ്വേഷ പ്രയോഗങ്ങൾ ജനങ്ങളെ വെറുപ്പിച്ചെന്നും ജയചന്ദ്രൻ ആരോപിക്കുന്നു.
സ്വന്തം നിലനിൽപ്പിനായി 'രണ്ട് വള്ളത്തിൽ കാലുകുത്തി' കളിക്കുന്ന വെള്ളാപ്പള്ളിയുടെ നാടകങ്ങൾ തിരിച്ചറിയാത്തവർ കേരളത്തിൽ ഇല്ലെന്നും, ബിജെപിക്ക് വേണ്ടി സ്ഥാപിച്ച ബിഡിജെഎസ് എന്ന സംഘടനയുടെ നേതാവ് എൽഡിഎഫിനെ പിന്തുണയ്ക്കുന്നത് കാപട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "ജാതി ചോദിക്കരുത് പറയരുത്" എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിൻ്റെ വാക്കുകൾ ഏറ്റവും കൂടുതൽ ലംഘിച്ച വ്യക്തി വെള്ളാപ്പള്ളിയാണെന്നും, കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തുന്നതിൽ അദ്ദേഹം കാര്യമായ സംഭാവന ചെയ്തിട്ടുണ്ടെന്നും, എൽഡിഎഫിൻ്റെ പരാജയത്തിന് ആക്കം കൂട്ടിയത് വെള്ളാപ്പള്ളിയാണെന്നതിൽ സംശയമില്ലെന്നും എം. ആർ. ജയചന്ദ്രൻ കൂട്ടിച്ചേർത്തു.
English summary:
Vellappally's communal remarks are the reason for LDF's defeat'; criticism from CPM leader