Image

കംബോഡിയയുമായി സംഘര്‍ഷം: തായ്‌ലൻഡ് പാര്‍ലമെൻ്റ് പിരിച്ചുവിട്ടു

Published on 12 December, 2025
 കംബോഡിയയുമായി സംഘര്‍ഷം: തായ്‌ലൻഡ് പാര്‍ലമെൻ്റ് പിരിച്ചുവിട്ടു


കംബോഡിയയുമായുള്ള സംഘർഷം തുടരുന്നതിനിടെ തായ്‌ലൻഡ് പാർലമെൻ്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി അനുധിൻ ചർണവിരകുളിന് കീഴിലുള്ള കേവല ഭൂരിപക്ഷമുള്ള സർക്കാരാണ് രാജിവച്ചത്.


പാർലമെൻ്റ് പിരിച്ചുവിടണമെന്ന ആവശ്യം രാജാവ് അംഗീകരിച്ചതോടെ തായ്‌ലൻഡില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. അടുത്ത 45 മുതല്‍ 60 ദിവസത്തിനുള്ളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ കാലയളവില്‍ അനുതിൻ  കാവല്‍ സർക്കാരിനെ നയിക്കും. 


രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ കേവല ഭൂരിപക്ഷം മാത്രമുള്ള സർക്കാരിന് നിർണായകമായ തീരുമാനം എടുക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം.അതിർത്തി തർക്കത്തില്‍ തായ്‌ലൻഡ് കംബോഡിയയുമായി പോരാട്ടം തുടരുന്നതിനിടെയാണ് പുതിയ നീക്കം.  


മൂന്ന് മാസം മാത്രം നീണ്ടുനിന്ന സർക്കാർ ആയിരുന്നു അനുധിനിൻ്റേത്. ഓഗസ്റ്റ് 2023ന് ശേഷം ചുമതലയേല്‍ക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് വ്യവസായി കൂടിയായ അനുധിൻ. പ്രതിപക്ഷ പാർട്ടിയായ പീപ്പിള്‍സ് പാർട്ടിയുടെ പിന്തുണയോട് കൂടിയാണ് അനുധിൻ അധികാരത്തിലേറിയത്. എന്നാല്‍, പിന്നീട് അനുതിന്റെ ഭുമ്ജൈതായ് പാർട്ടി ഒരു ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തത് പീപ്പിള്‍സ് പാർട്ടിയുമായുള്ള കരാറിന് വെല്ലുവിളി ഉയർത്തുകയും അത് പിന്നീട് പാർലമെൻ്റ് പിരിച്ചു വിടാൻ കാരണമാവുകയുമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക