
അതിജീവിതയുടെ അഭിഭാഷക: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ മാതൃകാപരമെന്ന് പറയാനാകില്ല; ഹൃദയം വെന്തുനീറുന്നു. നിയമമന്ത്രി പി. രാജീവ് ശിക്ഷ മാതൃകാപരമെന്ന് പറഞ്ഞത് കൃത്യമായി കാര്യങ്ങള്‍ പരിശോധിക്കാതെയാണെന്ന് മിനി ആരോപിച്ചു. കേസിൻ്റെ ഹിയറിങ് സമയത്ത് കോടതി തന്നോട് ഒന്നും ചോദിച്ചില്ലെന്നും, സംസാരിക്കാന്‍ അനുവാദമുണ്ടായില്ലെന്നും മിനി പറഞ്ഞു. ഇതിലുള്ള പ്രതിഷേധസൂചകമായാണ് താൻ ഇന്ന് കോടതിയിൽ പോകാതിരുന്നതെന്നും ട്വന്റിഫോറിൻ്റെ ‘എൻകൗണ്ടര്‍’ പരിപാടിയിൽ അവർ വെളിപ്പെടുത്തി.
അതിജീവിത എന്തുകൊണ്ടാണ് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടതെന്ന് മനസ്സിലാക്കാന്‍ പോലും കോടതിക്ക് കഴിഞ്ഞില്ലെന്ന് അഡ്വ. മിനി പറഞ്ഞു. അപമാനഭാരത്താല്‍ തല കുനിയുന്നുവെന്നും, അവള് നേരിട്ടതിനെ ഓര്‍ത്ത് ഹൃദയം വെന്തുനീറുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു. പ്രതികള്‍ തമ്മില്‍ ഗൂഢാലോചന നടത്തിയെങ്കിലും പ്രധാന ഗൂഢാലോചന പരിഗണിച്ചില്ലെന്നും, തൊഴിലിനായി പോയ യുവതിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായ കേസിന് സാമൂഹ്യപ്രസക്തിയില്ലെന്ന് പറയാനാകില്ലെന്നും മിനി വ്യക്തമാക്കി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളായ പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവര്‍ക്ക് കൂട്ടബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍ക്കും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ഒരു വര്‍ഷം അധിക ജയില്‍വാസം അനുഭവിക്കേണ്ടി വരും. പ്രതിഭാഗം കുടുംബപശ്ചാത്തലങ്ങള്‍ വിവരിച്ച് ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടിരുന്നു. എല്ലാ ശിക്ഷകളും പ്രതികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. സ്വകാര്യതയെ ബാധിക്കുന്ന വിഷയമായതുകൊണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് അതീവ ശ്രദ്ധയോടെ സൂക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശം നൽകി.
English summary:
Lawyer of survivor: Punishment in actress assault case cannot be called exemplary; my heart is burning