
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചതനുസരിച്ച് വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. സുരക്ഷയ്ക്കായി പ്രത്യേക പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണൽ വേഗത്തിൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനും കൃത്യസമയത്ത് ജനങ്ങളിലേക്ക് വിവരമെത്തിക്കാനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. റീക്കൗണ്ടിങ്ങിന് അപേക്ഷിക്കാനുള്ള അവസരം നിയമപ്രകാരം ലഭ്യമാണ്, പരാതികൾ റിട്ടേണിങ് ഓഫീസർമാർ പരിഹരിക്കും.
244 കേന്ദ്രങ്ങളിലായി നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി നടന്ന പോളിങ്ങിൽ 73.68 ശതമാനം പേർ വോട്ട് ചെയ്തെന്നാണ് അന്തിമ കണക്ക്. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷമായിരിക്കും വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണുക.
ആദ്യം ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫലങ്ങൾ പുറത്തുവരും. ഉച്ചയ്ക്ക് രണ്ട് മണിയോടെ പൂർണമായ ഫലം അറിയാൻ സാധിക്കും. മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി ഈ തിരഞ്ഞെടുപ്പ് ഫലം കണക്കാക്കപ്പെടുന്നതിനാൽ രാഷ്ട്രീയ കേരളം ആകാംഷയിലാണ്.
English summary:
Arrangements for counting of votes completed; results by noon today