
തദ്ദേശ തിരഞ്ഞെടുപ്പ് വിധി പ്രഖ്യാപനത്തിന് മുൻപ് കോഴിക്കോട് കാരശേരിയിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. മണ്ഡലം ഭാരവാഹികൾ വിമത സ്ഥാനാർത്ഥികളെ സഹായിച്ചുവെന്ന ഗുരുതര ആരോപണവുമായി കാരശ്ശേരി ഡിവിഷനിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ച വി. എൻ. സുഹൈബ് രംഗത്തെത്തി. തനിക്കെതിരെ പ്രവർത്തിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ തന്റെ കൈവശമുണ്ടെന്നും സുഹൈബ് തുറന്നടിച്ചു.
വിമത സ്ഥാനാർത്ഥികളായി മത്സരിച്ചവർക്ക് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചുവെന്ന് സുഹൈബ് ആരോപിക്കുന്നു. അവർ സീറ്റ് മോഹികളായിരുന്നെന്നും, വ്യക്തമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിമതരായി മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അർഹതയില്ലാത്തവർക്ക് പാർട്ടിയുടെ പിന്തുണ ലഭിക്കുന്നത് തന്നെ വേദനിപ്പിച്ചതായും സുഹൈബ് കൂട്ടിച്ചേർത്തു.
തന്റെ വിജയം ഉറപ്പാണെങ്കിലും, നേതാക്കൾക്കിടയിൽ നിന്ന് ഇത്തരം നീക്കം നടന്നത് ശരിയല്ലെന്നാണ് സുഹൈബ് പറയുന്നത്. ഈ വിഷയത്തിൽ പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
English summary:
Congress rift in Kozhikode before local election results; official candidate alleges support for rebels