
തിരുവനന്തപുരത്ത് 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി വെമ്പായം സ്വദേശിയായ 27-കാരനെ എക്‌സൈസ് സംഘം പിടികൂടി. കഴക്കൂട്ടം-കാരോട് ബൈപാസ് റോഡിൽ കീഴമ്മാകത്തിന് സമീപത്തെ ബസ്‌സ്‌റ്റോപ്പിൽ വെച്ചാണ് സ്ഥിരം ലഹരിമരുന്ന് വിൽപ്പനക്കാരനായ അനന്ദു(27)വിനെ എക്സൈസ് പരിശോധനയിൽ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് 20,000 രൂപയും പിടികൂടിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ബെംഗളുരുവിൽ നിന്നും മയക്കുമരുന്നുകൾ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച ശേഷം, വ്യാഴാഴ്ച രാവിലെ 10 മണിയോടെ ലഹരി വസ്തുക്കളുമായി സുഹൃത്തിനെ കാത്ത് കീഴമ്മാകം ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് അനന്ദു എക്‌സൈസിന്‍റെ പിടിയിലായത്. ബെംഗളുരുവിൽ നിന്നും വൻതോതിൽ മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തിച്ച് രഹസ്യമായി വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
മേജർ ക്വാണ്ടിറ്റിയിലുള്ള നൈട്രോസെപാം ടാബ്‌ലെറ്റുകളുമായി ഇയാൾ മുമ്പും പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. നിലവിൽ ഇയാൾക്കെതിരെ പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസും നിലനിൽക്കുന്നുണ്ട്. ഇയാൾ ഉൾപ്പെട്ട ലഹരിമരുന്ന് വിതരണ ശൃംഖലയെക്കുറിച്ച് എക്സൈസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
English summary:
Youth arrested with 42 grams of MDMA and cannabis in Thiruvananthapuram