
വിവിധ സീസണുകൾക്കനുസരിച്ച് വിമാന ടിക്കറ്റ് നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നതിനാൽ വർഷം മുഴുവൻ നിരക്കുകൾക്ക് പരിധി ഏർപ്പെടുത്താനാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു ലോക്സഭയിൽ വ്യക്തമാക്കി. ഉത്സവ സീസണുകളിൽ വിമാനക്കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നതിനെതിരായ ആശങ്കകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വ്യോമയാന മേഖലയുടെ വികസനത്തിന് വേണ്ടിയാണ് നിരക്കുകളിൽ നിയന്ത്രണം കൊണ്ടുവരാത്തതെന്നും, നിയന്ത്രണങ്ങളില്ലാത്ത രാജ്യങ്ങളിൽ വ്യോമയാന മേഖല മുന്നിട്ട് നിൽക്കുന്നുണ്ടെന്നും മന്ത്രി വിശദമാക്കി.
കൂടിയ ടിക്കറ്റ് നിരക്കുകൾ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ഒരു മാർഗ്ഗമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എങ്കിലും, ടിക്കറ്റ് നിരക്കുകൾ ന്യായമായ പരിധിക്കുള്ളിൽ നിർത്താൻ സർക്കാർ ഇടപെടുന്നുണ്ടെന്ന് കെ. രാംമോഹൻ നായിഡു കൂട്ടിച്ചേർത്തു. ഇൻഡിഗോയുടെ പ്രവർത്തന തടസ്സങ്ങൾ കാരണം വിമാന ടിക്കറ്റ് നിരക്കിൽ നിർബന്ധിത ഇളവ് വരുത്തേണ്ടി വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.
കൊവിഡ് മഹാമാരി, മഹാകുംഭ മേള, പഹൽഗാം ഭീകരാക്രമണം തുടങ്ങിയ അസാധാരണമായ തിരക്ക് നേരിട്ട സമയങ്ങളിൽ സർക്കാർ ഇടപെട്ടിരുന്നതായി മന്ത്രി സഭയെ അറിയിച്ചു. കൂടാതെ, 'ഫെയർ സേ ഫുർസത്' പദ്ധതിയിൽ യാത്രക്കാർക്ക് 25 റൂട്ടുകളിൽ നിശ്ചിത നിരക്കിൽ യാത്ര ചെയ്യാമെന്നും, ദക്ഷിണേന്ത്യയിലേക്കും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഇത്തരം സർവീസുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിലെ നിരക്ക് വർദ്ധനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ നിരക്ക് വർദ്ധന കുറവാണെന്നും (നെഗറ്റീവ്) മന്ത്രി കൂട്ടിച്ചേർത്തു.
English summary:
Central Aviation Minister says flight ticket prices cannot be capped throughout the year