
ബ്രാംപ്ടണ്‍ : കഴിഞ്ഞ വര്‍ഷം ബ്രാംപ്ടണില്‍ നടന്ന നിരവധി ടാക്‌സി തട്ടിപ്പു കേസില്‍ ഇന്ത്യന്‍ വംശജന്‍ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പീല്‍ റീജനല്‍ പൊലീസ് അറിയിച്ചു. ബ്രാംപ്ടണില്‍ നിന്നുള്ള 22 വയസ്സുള്ള മന്‍വീര്‍ സിംഗ്, 25 വയസ്സുള്ള സയ്യിദ് ഹുനൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ വഞ്ചന, മോഷണം, മോഷ്ടിച്ച കാര്‍ഡ് ഉപയോഗിക്കല്‍ അടക്കം നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
നഗരത്തിലെ വിവിധ മാളുകളുടെ പാര്‍ക്കിങ് സ്ഥലം കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഒരാള്‍ യാത്രക്കാരനായും രണ്ടാമന്‍ ടാക്‌സി ഡ്രൈവറായും വേഷമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. യാത്രക്കാരനായ പ്രതി പണം നല്‍കാനില്ലാത്തതു പോലെ അഭിനയിച്ച് സമീപത്തുള്ള അപരിചിതനോട് ബാങ്ക് കാര്‍ഡ് വഴി പണം നല്‍കാമോ എന്ന് അഭ്യര്‍ത്ഥിക്കും. അപരിചിതന്‍ കാര്‍ഡ് നല്‍കി പാസ്വേര്‍ഡ് അടിക്കുമ്പോള്‍ ടാക്‌സി ഡ്രൈവറായ പ്രതി യഥാര്‍ത്ഥ ഡെബിറ്റ് കാര്‍ഡ് അതേ ധനകാര്യ സ്ഥാപനത്തിന്റെ മറ്റൊരു ഡെബിറ്റ് കാര്‍ഡായി മാറ്റി ലാപ്ടോപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന പോയിന്റ്-ഓഫ്-സെയില്‍ ടെര്‍മിനല്‍ ഉപയോഗിച്ച് പിന്‍ നമ്പറുകള്‍ രേഖപ്പെടുത്തും. തുടര്‍ന്ന് മോഷ്ടിച്ച കാര്‍ഡ് ഉപയോഗിച്ച് പ്രതികള്‍ പണം എടിഎമ്മില്‍ നിന്നും പിന്‍വലിക്കുകയാണ് ചെയ്യുക. ഇതോടെയാണ് ഇര തന്റെ കാര്‍ഡ് മോഷണം പോയെന്നും തട്ടിപ്പിനിരയായെന്നും തിരിച്ചറിയുക.
ഈ സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 905-453-3311 എന്ന നമ്പറില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീല്‍ റീജനല്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു.