
ഭാര്യക്കെതിരെ ഭർത്താവ് നടത്തുന്ന ബലാത്സംഗത്തെ അതിൻ്റെ ഗൗരവത്തിൽ പരിഗണിക്കുന്നതിൽ വീഴ്ച വരുത്തുന്ന ചുരുക്കം ചില ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ തുറന്നടിച്ചു. ശക്തമായ ബലാത്സംഗ നിയമങ്ങൾ രാജ്യത്ത് നിലനിൽക്കുമ്പോഴും, എന്തുകൊണ്ടാണ് 'മാരിറ്റൽ റേപ്പിനെ' (വിവാഹബന്ധത്തിലെ ബലാത്സംഗം) ഗൗരവമായി കാണാത്തതെന്നും അദ്ദേഹം ചോദ്യം ചെയ്തു. കൊൽക്കത്തയിൽ എഫ്ഐസിസിഐ വനിതാ സംഘടനയും പ്രഭ ഖൈത്താൻ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരൂർ.
മാരിറ്റൽ റേപ്പിന് ഇളവ് നൽകുന്നതിനെതിരെ ശക്തമായ വിമർശനമാണ് തരൂർ ഉന്നയിച്ചത്. "ബലാത്സംഗ കുറ്റങ്ങൾക്കെതിരായ ശക്തമായ നിയമങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ. മാരിറ്റൽ റേപ്പ് എന്നത് സ്ത്രീകളുടെ അനുമതിയില്ലാതെ അവരോട് കാണിക്കുന്ന ക്രൂരതയാണ്. എന്നിട്ടും ഈ ഭർത്താക്കന്മാർക്കെന്തിനാണ് ഇളവ് നൽകുന്നത്?" എന്ന് അദ്ദേഹം ചോദിച്ചു. വിവാഹം ഒരു പരിശുദ്ധ ബന്ധമാണെന്നും അതിനകത്ത് എന്ത് നടന്നാലും പ്രശ്നമില്ലെന്നും കരുതുന്ന ഇപ്പോഴത്തെ നിയമം മാറേണ്ടതുണ്ടെന്നും, തൻ്റെ ജീവിത പങ്കാളിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി അവരെ ബലാത്സംഗം ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണെന്നും തരൂർ അഭിപ്രായപ്പെട്ടു.
ഗാർഹിക പീഡനത്തിനെതിരെ ശക്തമായ നിയമം രാജ്യത്ത് ആവശ്യമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിമാർ പോലും വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നത് ദൗർഭാഗ്യകരമാണെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ എതിർക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
'India is one of the few countries that does not take marital rape seriously'; Shashi Tharoor demands a change in law.