Image

ഇൻഡിഗോ വിമാന സർവീസുകൾ സാധാരണനിലയിലേക്ക്; റീഫണ്ട് 610 കോടി രൂപ കടന്നു

Published on 07 December, 2025
ഇൻഡിഗോ  വിമാന സർവീസുകൾ സാധാരണനിലയിലേക്ക്; റീഫണ്ട് 610 കോടി രൂപ കടന്നു

ഡൽഹി: ഒരാഴ്ചയോളം നീണ്ട പ്രതിസന്ധികൾക്കുശേഷം ഇൻഡിഗോ വിമാനസർവീസുകൾ സാധാരണനിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. തങ്ങളുടെ വിമാനസർവീസുകളിൽ ഭൂരിഭാഗവും പുനഃസ്ഥാപിച്ചതായും ഞായറാഴ്ച 1650-ലേറെ സർവീസുകൾ നടത്തുമെന്നും ഇൻഡിഗോ അറിയിച്ചു. കഴിഞ്ഞദിവസം 1500-ലേറെ സർവീസുകൾ നടത്തിയിരുന്നു. ഡിസംബർ പത്താം തീയതിയോടെ സർവീസുകൾ പൂർണമായും സാധാരണനിലയിലാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ദിവസേന ഏകദേശം 2300 വിമാനസർവീസുകളാണ് ഇൻഡിഗോ സാധാരണഗതിയിൽ നടത്താറ്. വെള്ളിയാഴ്ച 706 വിമാനസർവീസുകൾ മാത്രമാണ് നടത്താനായത്. ശനിയാഴ്ച ഇത് 1565 ആയി ഉയർന്നു. ഞായറാഴ്ച 1650 ഓളം സർവീസുകൾ നടത്താനാകുമെന്നാണ് ഇൻഡിഗോയുടെ അവകാശവാദം.

വിമാനസർവീസുകൾ തടസ്സപ്പെട്ട സംഭവത്തിൽ ഇൻഡിഗോ ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. റീഫണ്ട് നടപടികളും ബാഗേജ് തിരികെനൽകാനുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഇൻഡിഗോ വ്യക്തമാക്കി.

ഇൻഡിഗോയുടെ ‘ഓൺടൈം പെർഫോമൻസ്’ (കൃത്യസമയത്തുള്ള സേവനം) ഇന്ന് 75 ശതമാനമാണെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞദിവസം ഇത് 30 ശതമാനം മാത്രമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക