
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ആവേശപൂർവ്വമായ കൊട്ടിക്കലാശം. കലാശക്കൊട്ട് ആവേശമാക്കി എല്‍ഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികള്‍. ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണത്തിൻ്റെ അവസാന മിനിറ്റുകളിലും വോട്ട് ഉറപ്പിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു സ്ഥാനാര്‍ഥികള്‍.
വാദ്യോപകരണങ്ങള്‍, ചെണ്ട മേളം, നൃത്ത ചുവടുകള്‍, ഡിജെ പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തി സ്ഥാനാർത്ഥികളും പാർട്ടികളും തങ്ങളുടെ മുഴുവൻ ശക്തിയും പ്രകടിപ്പിച്ചു. വലിയ റാലികൾ, റോഡ് ഷോകൾ, കൊടിതോരണങ്ങൾ, പാട്ടുകള്‍ എന്നിവയാൽ കൊട്ടിക്കലാശം കത്തിക്കയറി. പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ഇരുപത് ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് തിരശീല വീണത്. അവസാന മിനിറ്റിലും വിജയം ഉറപ്പിച്ചാണ് എല്ലാ മുന്നണികളും കളം വിട്ടത്. വോട്ടുകളെല്ലാം തങ്ങള്‍ക്കു അനുകൂലമാകുമെന്ന് കണക്കുകൂട്ടുന്ന ദിനമാണ് ഇനിയുള്ളത്
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വീടുകൾ തോറും കയറി ഓരോ വോട്ടുമുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് ഓരോ സ്ഥാനാർഥികളും. തിരുവന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ വോട്ടെടുപ്പാണ് ചൊവ്വാഴ്ച നടക്കുന്നത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ വോട്ടെടുപ്പ് വ്യാഴാഴ്ചയാണ്.
പതിവിന് വിപരീതമായി ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന കേസുകളുമായിരുന്നു. എൽ ഡി എഫിനെയും യു ഡി എഫിനെയും ഇത് പ്രധിരോധത്തിലാക്കിയപ്പോൾ രണ്ട് കൂട്ടരെയും മാറ്റിനിർത്താനുള്ള സുവർണാവസരമെന്നു പറഞ്ഞാണ് ബിജെപി പ്രചരണം നടത്തുന്നത്.
അതേ സമയം, ബിജെപി ഏറ്റവും പ്രതീക്ഷ വെച്ചുപുലർത്തുന്ന തിരുവനന്തപുരത്ത്, കൗൺസിലറുടെ ആത്മഹത്യ ഉൾപ്പടെയുള്ള വിഷയങ്ങൾ അവരെയും പ്രതിരോധത്തിലാക്കുന്നു.
2026 നിയമസഭ തിരഞ്ഞെടുപ്പിൻറെ സെമി ഫൈനൽ പോരാട്ടത്തിൽ ജനം ആരെ പിന്തുണക്കുമെന്നതിൽ ആകാംക്ഷയിലാണ് സംസ്ഥാനം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അഞ്ച് മാസത്തിനപ്പുറം നിയമസഭ തിരഞ്ഞെടുപ്പ് വരുമെന്നതിനാൽ വർഷങ്ങളായി സംസ്ഥാനത്തിനിത് സെമി ഫൈനൽ പോരാട്ടമാണ്. അതുകൊണ്ടുതന്നെ അരയും തലയും മുറുക്കിയാണ് മുന്നണികൾ വിജയം പിടിച്ചെടുക്കാൻ കളത്തിലിറങ്ങിയിരിക്കുന്നത്.