Image

ഗോവ നൈറ്റ് ക്ളബ് ദുരന്തം: തീ ആളിക്കത്തിയപ്പോഴും പാട്ടും നൃത്തവും തകൃതി, ആർപ്പ് വിളിച്ച് കാണികളും

Published on 07 December, 2025
ഗോവ  നൈറ്റ് ക്ളബ് ദുരന്തം: തീ ആളിക്കത്തിയപ്പോഴും പാട്ടും നൃത്തവും തകൃതി,  ആർപ്പ് വിളിച്ച് കാണികളും

ഗോവ  ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ  പുറത്ത് വന്നിരിക്കുകയാണ്. പാട്ടും നൃത്തവും നടന്നുകൊണ്ടിരിക്കെ മേൽക്കൂരയിൽ നിന്ന് ആദ്യം തീ പടരുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാല് വിദേശികളും ക്ലബ് ജീവനക്കാരും ഉൾപ്പെടെയാണ് ദുരന്തത്തിൽ മരണമടഞ്ഞത്. 

‘ബോളിവുഡ് ബാംഗർ നൈറ്റ്’ എന്ന പേരിൽ നടന്ന പരിപാടിയിൽ ഷോലെ സിനിമയിലെ ‘മെഹബൂബ മെഹബൂബ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ നൃത്തം നടക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നത്. വിദേശികൾ ഉൾപ്പെടെ 100-ലേറെ പേർ ക്ലബ്ബിൽ ഉണ്ടായിരുന്നു. യുവതി നൃത്തം ചെയ്യുമ്പോൾ ചുറ്റുമുണ്ടായിരുന്നവർ ആർത്തുവിളിച്ചു പ്രോത്സാഹിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

നൃത്തം നടക്കുന്നതിന് തൊട്ടുമുകളിലായി മേൽക്കൂരയിൽ പെട്ടെന്നാണ് തീ ആളിക്കത്തിയത്. എന്നാൽ, ഈ ദൃശ്യം കണ്ടിട്ടും പരിപാടി ആസ്വദിച്ചിരുന്നവർക്ക് ഇതൊരു വലിയ അപകടത്തിന്റെ തുടക്കമാണെന്ന് തിരിച്ചറിയാനായില്ല. 

 അതേസമയം, ക്ലബ് ജീവനക്കാർ ആശങ്കയോടെ ഓടുന്നതും, തീ പടരുന്ന ഭാഗത്തിന് താഴെയുള്ള ലാപ്ടോപ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾ മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നിട്ടും നർത്തകിയും സംഗീതജ്ഞരും പരിപാടി നിർത്തിയില്ല. തീ പടർന്നിട്ടും ഏതാനും നിമിഷങ്ങൾ പാട്ടും നൃത്തവും തുടർന്നു. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ തീ സീലിംഗിലേക്ക് പൂർണ്ണമായി പടർന്നതോടെ ആഹ്ലാദത്തിന്റെ നിമിഷങ്ങൾ അതിവേഗം വലിയ ദുരന്തത്തിലേക്ക് വഴിമാറി.

തീ പടർന്നുപിടിച്ചതോടെ ക്ലബ്ബിലെ ഇടുങ്ങിയ കവാടം ആളുകൾക്ക് പെട്ടെന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുന്നതിന് തടസ്സമായി. ചിലർ താഴെയുള്ള അടുക്കളയിലേക്ക് ഓടിയെങ്കിലും, ഇവരും ഏതാനും ജീവനക്കാരും പുറത്തുകടക്കാനാകാതെ അകപ്പെട്ടു. ക്ലബ്ബിന്റെ ഇടുങ്ങിയ കവാടം രക്ഷാപ്രവർത്തനത്തെയും സാരമായി ബാധിച്ചു. ഫയർഫോഴ്സിന് ഇതിലൂടെ അകത്തുകടക്കാൻ പ്രയാസമുണ്ടായതിനാൽ ഫയർ എൻജിനുകൾ 400 മീറ്റർ അകലെ നിർത്തിയിട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് ക്ലബ്ബിലുണ്ടായിരുന്നവർ മരണപ്പെട്ടത്. 

ഗോവയിൽ ഇത്തരമൊരു അപകടം ആദ്യമാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക